മായാവതിയെ വേശ്യയോടുപമിച്ച ബിജെപി നേതാവിന് ജാമ്യം

By Web DeskFirst Published Aug 6, 2016, 4:19 PM IST
Highlights

വാരാണസി: ബി എസ് പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ മായാവതിയെ വേശ്യയോടുപമിച്ചതിന് അറസ്റ്റിലായ മുന്‍ ബി ജെ പി നേതാവ് ദയാശങ്കര്‍ സിങ്ങിന് ജാമ്യം. 50,000 രൂപയുടെ രണ്ട് ബോണ്ടുകള്‍ക്കാണ്  കോടതി ജാമ്യം അനുവദിച്ചത്. ജാമ്യമനുവദിച്ചതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ബി എസ് പി പ്രതികരിച്ചു. ബിഹാറിലെ ബുക്സറില്‍ ജൂലൈ 29ന് ലഖ്നോ പൊലീസും പ്രത്യേക ദൗത്യസേനയും ചേര്‍ന്നാണ് ദയാശങ്കറിനെ അറസ്റ്റ് ചെയ്തത്.
ജൂലൈ അവസാനവാരം യുപിയിലെ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്‍റായി സ്ഥാനമേറ്റതിനു പിന്നാലെയായിരുന്നു സിംഗിന്‍റെ വിവാദ പ്രസംഗം. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന മായാവതി വലിയ നേതാവാണ്. എന്നാല്‍ കിട്ടുന്ന പണത്തിന് ജോലി ചെയ്യുന്ന സ്ത്രീകളെപ്പോലെയാണ് അവരുടെ  പ്രവര്‍ത്തികള്‍. കിട്ടുന്ന പണത്തിന്റെ മൂല്യം നോക്കി മായാവതി ടിക്കറ്റുകള്‍ വിൽക്കുകയാണ്.  ഒരു കോടി തരാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കും. ഇതേ സമയം രണ്ട് കോടി വാഗ്ദാനം ചെയ്ത് മറ്റാരെങ്കിലും വരികയാണെങ്കില്‍ സീറ്റ് അവര്‍ക്ക് മറിച്ച് നല്‍കും. ഇപ്പോള്‍ മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു'- ഇതായിരുന്നു  ശങ്കർ സിങ്ങിന്‍റെ പ്രസംഗം.

മഊയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദയാശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇടക്കാല ജാമ്യത്തിന് ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിനുമുന്നില്‍ നല്‍കിയ ഹര്‍ജി തള്ളി. തുടര്‍ന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജാമ്യം.

 

click me!