തട്ടിപ്പിനായി ബിജെപി നേതാവ് വാട്‍സ് ആപ്പിനെ ഉപയോഗിച്ചത് ഇങ്ങനെ

By Web DeskFirst Published Jul 22, 2017, 12:46 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്‍റെ മറവില്‍ കോടികളുടെ അഴിമതി നടത്താന്‍ ബിജെപി നേതാവ് ഉപയോഗിച്ചത് വ്യാജ രസീതുകള്‍. ഇതിന്‍റെ തെളിവുകള്‍ പുറത്തായി. യഥാര്‍ത്ഥ രസീതിന്‍റെ ചിത്രം വാട്സ് ആപ്പിലൂടെ നല്‍കി അതുപോലെ തന്നെ അച്ചടിക്കാനായിരുന്നു ബിജെപി സംസ്ഥാന സമിതിയംഗം എം മോഹനന്‍ മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ്  പ്രസ് ഉടമ രാജേശ്വരിയുടെ മൊഴി നല്‍കി. മോഹനന്‍മാസ്റ്റര്‍ വാട്സ് ആപ്പിലൂടെ നല്‍കിയ ഒറിജിനല്‍ രസീത് ഉപയോഗിച്ച് വടകരയിലെ പ്രസിലാണ് രസീതുകള്‍ അച്ചടിച്ചത്. ഈ രസീതുകള്‍ ഉപയോഗിച്ച് അയ്യായിരം രൂപമുതല്‍ അന്‍പതിനായിരം രൂപവരെയാണ് പിരിച്ചത്.

കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ നടന്ന പിരിവില്‍ ഒരു കോടിയോളം രൂപ നേതാക്കളുടെ പോക്കറ്റിലായി.  എന്നാല്‍  മൊഴി പുറത്തായതോടെ കോഴിക്കോട് തന്നെയുള്ള ഒരു സംസ്ഥാന നേതാവ് പ്രസ് ഉടമയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.

സംഭവം പാര്‍ട്ടിക്കുള്ളില്‍  വിവാദമായതോടെ  ഉത്തരനമേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കോവെ സുരേഷ് ബാബുവിനെ കുമ്മനം അന്വേഷണത്തിന് നിയോഗിച്ചു.ദേശീയ നേതൃത്വത്തിന്‍റെ വരെ ശ്രദ്ധയില്‍ പെട്ട അഴിമതിയില്‍ പിന്നീട് രണ്ട് അന്വേഷണം കൂടി നടന്നു. ഏറ്റവുമൊടുവില്‍ ബിജെപി സംസ്ഥാന സെക്രട്ടറി  ബി ഗോപാലകൃഷ്ണനെ അന്വേഷണം ഏല്‍പിച്ചതോടെ പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ ഇത് സംബന്ധിച്ച് ഒരു അന്വേഷണവും ഇനി വേണ്ടെന്ന നിര്‍ദ്ദേശവും നല്‍കിയതായാണ് അറിയുന്നത്.

click me!