കോടിയേരിയുടെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാക്കള്‍

By Web DeskFirst Published Feb 24, 2018, 2:07 PM IST
Highlights

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ തിരുവനന്തപുരത്ത് കമ്പനികളുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. ബിനോയി കോടിയേരിയും ബിനീഷ് കോടിയേരിയും ഡയറക്ടര്‍മാരായ ആറു 'കടലാസ്' കമ്പനികള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് ആരോപണം. ശാസ്തമംഗലത്തെ രണ്ടു നില കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ 28 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് ഇത് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക ക്രമക്കേടുകള്‍ വെളിപ്പെടുത്തുന്ന രേഖകളും ഇന്നലെ ബി.ജെ.പി നേതാക്കള്‍ പുറത്തുവിട്ടു. തിരുവനന്തപുരം ശാസ്തമംഗലത്ത് കൊച്ചാര്‍ റോഡിലാണ് രണ്ടുനിലയുള്ള കെട്ടിടം. 28 പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ് ഈ കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കളുടേതാണ്. ബാക്കി 22 കമ്പനികളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. എന്നാല്‍ കെട്ടിടത്തിന് പുറത്ത് പേരിന് ഒരേ ഒരു ബോര്‍ഡ് മാത്രമാണുള്ളതെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് ഈ കമ്പനികള്‍ തുടങ്ങിയതെന്നും ആക്ഷേപമുണ്ട്. രേഖകള്‍ സഹിതം ബി.ജെ.പി നേതാക്കള്‍ എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി.

click me!