ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇത് കാർഷിക മേഖലയെ തകർക്കുമെന്നും സിപിഎം പിബി വിമർശിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ പ്രതിസന്ധിയിലാക്കും
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ. കരാർ ഇന്ത്യയുടെ കാർഷിക മേഖലയ്ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് പി ബി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കാർഷിക മേഖലയ്ക്കും, സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള പരുത്തി, നട്സ്, സോയബീൻ ഓയിൽ തുടങ്ങിയ ഭക്ഷ്യ - കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയത് ഇന്ത്യൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കൻ താൽപര്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ നടത്തിയ നാണംകെട്ട കീഴടങ്ങലാണെന്നും സി പി എം വിമർശിച്ചു.
കരാറിൽ നിന്ന് പിന്തിരിയണം
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നൽകിയ ഇളവുകൾ ഇതിനോടകം തന്നെ ദുരിതത്തിലായ ഇന്ത്യൻ ആപ്പിൾ കർഷകരുടെ നില കൂടുതൽ പരുങ്ങലിലാക്കും. ആഭ്യന്തര വിപണിയിൽ വിദേശ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗ്ഗം തകർക്കാനേ ഉപകരിക്കൂ. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്ലാത്തത് രാജ്യത്തെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നും സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സി പി എം ആവശ്യപ്പെട്ടു.
കർഷക സംഘടനകളും പ്രതിഷേധത്തിൽ
നേരത്തെ ഇന്ത്യ - യുഎസ് വ്യാപാര കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സായുങ്ക് കിസാൻ മോർച്ച, അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) എന്നിവയുൾപ്പെടെ നിരവധി കർഷക സംഘടനകളാണ് പ്രതിഷേധം വ്യക്തമാക്കിയത്. അടുത്തയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദ്ദിഷ്ട ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് ഇന്ത്യ, അമേരിക്കക്ക് മുന്നിൽ പൂർണമായി കീഴടങ്ങുന്നതിനും ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കൻ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് അടിയറ വെച്ചതിനും തുല്യമാണെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ സായുങ്ക് കിസാൻ മോർച്ച ആരോപിച്ചു. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉടൻ രാജിവയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇടക്കാല വ്യാപാര കരാറിന്റെ നിബന്ധനകൾ പ്രകാരം, ഇന്ത്യ എല്ലാ യു എസ് വ്യാവസായിക ഉൽപ്പന്നങ്ങൾക്കും മറ്റ് ഭക്ഷ്യ - കാർഷിക ഉൽപ്പന്നങ്ങൾക്കും മേലുള്ള താരിഫ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പറയുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.


