
തൃശ്ശൂര്‍: മെഡിക്കല്‍കോഴ വിവാദത്തിൽ അച്ചടക്ക നടപടി എടുത്തതിന് ശേഷമുള്ള നിര്‍ണ്ണായക ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തൃശൂരില്‍ ചേരും. വി.വി.രാജേഷിനെതിരായ അച്ചടക്ക നടപടി കുമ്മനത്തിനെതിരെ മുരളീധരപക്ഷം ആയുധമാക്കും. സംസ്ഥാനത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും സംസ്ഥാന ബിജെപി നേതാക്കളും ഇന്ന് കൂടികാഴ്ച നടത്തും
മെഡിക്കല്‍കോഴയിലും വ്യാജ രസീതുണ്ടാക്കി പണപിരിവ് നടത്തിയ വിവാദത്തിലും പെട്ട് പാര്‍ട്ടി ആടിയുലയുമ്പോഴാണ് സംസ്ഥാന ഭാരവാഹിയോഗം ചേരുന്നത്. കോഴ വിവാദത്തെ തുടര്‍ന്ന് ഗ്രൂപ്പ് പോരും മുറുകുകയാണ്. നേതൃത്വം ഏകപക്ഷീയമായി നടപടിയെടുത്തു എന്നതാണ് മുരളീധര പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
അന്വേഷണ കമ്മീഷന്‍റെ ഭാഗമല്ലാത്ത വിവി രാജേഷിന് റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ത്താനാവും, എന്തുകൊണ്ട് വിശദീകരണം ചോദിച്ചില്ല തുടങ്ങിയ കാര്യങ്ങൾ മുരളീധരപക്ഷം ഉയർത്തുന്നു. യോഗത്തില്‍ കുമ്മനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരാനിടയുണ്ട് എന്നാല്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും വിവി രാജേഷിന്‍റെ ഇടപെടലിന് കൃത്യമായ തെളിവുണ്ടെന്നുമാണ് കുമ്മനത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം തന്നെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടപടി വേണമെന്നുമാണ് എം ടി രമേശ് അടക്കമുള്ള കൃഷ്ണദാസ് പക്ഷം പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ കുമ്മനം നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്രയും അനിശ്ചിതത്വത്തിലായി. പാർട്ടി അടിത്തറ വിപുലമാക്കാൻ ലക്ഷ്യമിട്ട് അമിത് ഷാ ആവിഷ്കരിച്ച സ്വപ്നപദ്ധതി ''കാര്യ വിസ്താർ യോജന "യെയും വിവാദങ്ങൾ ബാധിച്ചു.ലക്ഷ്യമിട്ടതിന്‍റെ മൂന്നിലൊന്നു ഗൃഹ സമ്പർക്ക പരിപാടി പോലും നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
അതിനിടെ പാലക്കാടെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.കുമ്മനം ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ കൂടികാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകും. രണ്ട് ദിവസം പാലക്കാട് തങ്ങുന്ന ആർ.എസ്സ്എസ്സ മേധാവി രാവിലെ പ്രാന്തീയ വൈചാരിക ബൈഠകിലാണ് ആദ്യം സംബന്ധിക്കുന്നത്.സ്വാതന്ത്ര്യ ദിനത്തിൽ ഭാരതീയം 2017 പരിപാടിയിലും മോഹൻ ഭാഗവത് പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam