
ജയ്പുർ: രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് നിരോധിക്കാത്തതിനാലാണെന്ന് രജപുത് കർണിസേന. രാജസ്ഥാന്റെ ചരിത്രത്തിൽ ആദ്യമാണ് ഭരണകക്ഷി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. പദ്മാവത് നിരോധിക്കാത്തതിനുള്ള പ്രതിഷേധമാണ് ജനുവരി 29 ന് ഉണ്ടായത്. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കർണിസേന നേതാവ് ലോകേന്ദ്ര സിംഗ് കാൽവി പറഞ്ഞു.
രാജസ്ഥാനിലെ ആൾവാർ, ആജ്മീർ ലോക്സഭാ സീറ്റുകളും മണ്ഡൽഗഡ് നിയമസഭാ സീറ്റുമാണ് ബിജെപിക്ക് നഷ്ടമായത്. മൂന്നിടത്തും വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചു. ആൾവാറിൽ കോൺഗ്രസിലെ കരൺ സിംഗ് യാദവ് 84, 414 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ജസ്വന്ത് യാദവിനെ തറ പറ്റിച്ചത്. പദ്മാവത് സിനിമയ്ക്കെതിരേയുള്ള രജപുത്ര വോട്ടർമാരുടെ രോഷം ആജ്മീറിൽ പ്രതിഫലിച്ചുവെന്നു വേണം കരുതാൻ.
രജ്പുത് കർണി സേനയുടെ വികാരത്തിനൊപ്പം രാജസ്ഥാനിലെ ബിജെപി സർക്കാർ നിലകൊണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ പ്രയോജനമുണ്ടായില്ല. രജപുത്ര വിഭാഗത്തിനു കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് ആജ്മീർ. പശുസംരക്ഷകരുടെ ആക്രമണത്തിൽ പെഹ്ലു ഖാൻ എന്നയാൾ കൊല്ലപ്പെട്ടത് ആൾവാറിൽ ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനു കാരണമായി. കോൺഗ്രസിന്റെ വൻ വിജയത്തിന് ഇതു സഹായിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam