
ബെംഗളൂരു: 18 കോടിയുടെ കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി മുൻ മന്ത്രി ജി. ജനാർദ്ദനന്‍ റെഡ്ഡി ഒളിവിൽ. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി. സുനീൽ കുമാറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ജനാർദ്ദന്‍ ഒളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. കർണ്ണാടകയിലെ വ്യവസായിയും ശക്തമായ രാഷ്ട്രീയ സ്വാധീനവുമുള്ള ജനാർദ്ദന്‍റെ പേരിൽ നിരവധി അഴിമതിക്കേസുകളാണ് നിലവിലുള്ളത്.
ബിഎസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമസ്ഥന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജനാർദ്ദന്‍ റെഡ്ഡിക്കെതിരെയുള്ള കേസ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെഡ്ഡിയുടെ സഹായിക്ക് പണം കൈമാറിയതായി പൊലീസ് കണ്ടെത്തിരുന്നു.
നിക്ഷേപകരുടെ പക്കൽ നിന്നും 600 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. തുടർന്ന് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ജനാര്‍ദന്‍ റെഡ്ഡി സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് പറഞ്ഞിരുന്നു. റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാൻ എന്നയാൾക്കാണ് സയീദ് 18 കോടി കൈമാറിയതെന്നും ശേഷം ഈ തുക രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് നൽകുകയും അയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ തിരികെ ഏല്‍പ്പിച്ചുവെന്നുമായിരുന്നും സയീദിന്റെ മൊഴിയിൽ പറയുന്നു.
ജനാർദൻ റെഡ്ഡിയും അലിഖാനും ഒളിവിലാണെന്നും ബെംഗളൂരു പോലീസ് പറഞ്ഞു. റെഡ്ഡി സഹോദരൻമാർക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam