
ലഖ്‌നൗ: സ്വന്തം പാർട്ടിക്കെതിരെ സമരത്തിനൊരുങ്ങി യുപിയിലെ ബിജെപി എംഎൽഎയും എംപിയും രംഗത്ത്. സേലംപൂര്‍ എം.പി രവീന്ദ്ര കുശ്‌വാഹയും ബൈരിയ എം.എല്‍.എ സുരേന്ദ്ര സിങ്ങുമാണ് വ്യത്യസ്ത വിഷയങ്ങളില്‍ സമരത്തിനൊരുങ്ങുന്നത്. ബെല്‍തറയിലും സേലംപൂരിലും ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനായി പാര്‍ലമെന്റിന്റെ മണ്‍സൂൺ സെഷനില്‍ പ്രതിഷേധ സമരം നടത്തുമെന്നാണ് എം.പി രവീന്ദ്ര കുശ്‌വാഹ കഴിഞ്ഞ ദിവസം പറഞ്ഞത്.
‘ബെല്‍തറയിലും സേലംപൂരിലും ട്രെയിന്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കിട്ടാന്‍ ജനങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. ഞാന്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് എട്ട് കത്തുകള്‍ എഴുതിയിട്ടും വിഷയത്തില്‍ തീരുമാനമായില്ലെന്ന് എംപി രവീന്ദ്ര പറഞ്ഞു. തെഹ്‌സില്‍ ഓഫീസിലെ അഴിമതി അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ബൈരിയ എംഎല്‍എ സുരേന്ദ്ര സിങ്ങ് പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങുന്നത്. വിഷയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സുരേന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു.
ഭരണത്തെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച് യു.പിയിലെ എംഎല്‍എ രംഗത്ത് വന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും വീണ്ടും ബി.ജെ.പിക്കെതിരെ ശബ്ദമുയരുന്നത്. ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എമാര്‍ ഹാര്‍ദോയ് എം.എല്‍.എ ശ്യാം പ്രകാശും ബാലിയ എംഎല്‍എ സുരേന്ദ്ര സിംഗുമാണ് ബിജെപിയുടെ തോല്‍വിയ്ക്ക് പിന്നാലെ പരസ്യമായി രംഗത്തുവന്നത്.
കൂടാതെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പരാതിയുമായി ബിജെപിയുടെ ദളിത് എംപി ഛോട്ടെ ലാല്‍ രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ റോബർട്സ്ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഛോട്ടെ ലാല്‍. രണ്ടു തവണ താന്‍ യോഗിയെ കാണാനായി ചെന്നുവെന്നും രണ്ടു തവണയും മുഖ്യമന്ത്രി തന്നെ ശകാരിക്കുകയും ചീത്ത പറഞ്ഞ് പുറത്താക്കിയെന്നാണ് ഛോട്ടെ ലാൽ അന്ന് പരാതിപ്പെട്ടത്.
യോഗി തന്നെ അപമാനിച്ചെന്നും അവഗണിച്ചെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും തന്‍റെ മണ്ഡലത്തോട് വിവേചനം കാണിക്കുന്നതായും ഛോട്ടേലാല്‍ പരാതിപ്പെട്ടിരുന്നു. തന്‍റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam