കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
മലപ്പുറം: കർണാടകയിൽ സംഭവിച്ച ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. വിവാദത്തിന് പിന്നാലെ ആളുകളെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സാദിഖലി തങ്ങൾ, മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും വിവരിച്ചു.
ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി
നേരത്തെ കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ചാണ് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. യു പിയിലെ ബുൾഡോസർ രാജ് മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
വിമർശനവുമായി സമസ്ത
അതേസമയം ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് സമസ്തയും രംഗത്തെത്തിയിരുന്നു. കർണാടകയിലേത് വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയെന്നാണ് സമസ്ത അഭിപ്രായപ്പെട്ടത്. കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തത് ആശങ്കാജനകമാണ്. മനസ്സാക്ഷിയുള്ള മനുഷ്യരുടെ ഉള്ളിൽ വേദനയുണ്ടാക്കുന്നു. വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
അടിയന്തിര യോഗം വിളിച്ച് സിദ്ധരാമയ്യ
അതിനിടെ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകുന്നേരമാണ് യോഗം നടക്കുക. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എ ഐ സി സി നിർദേശപ്രകാരമാണ് സർക്കാരിൻ്റെ ഇടപെടൽ. സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്.


