ബിജെപി ജനപ്രതിനിധികള്‍ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കും: പി.എസ്.ശ്രീധരന്‍ പിള്ള

By Web TeamFirst Published Aug 14, 2018, 5:08 PM IST
Highlights

ദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന്  സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സേവാഭാരതിക്കോ പണം നല്‍കും. പതിനായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍  ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി മാത്രമാണ് ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന്  സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സേവാഭാരതിക്കോ പണം നല്‍കും. പതിനായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍  ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി മാത്രമാണ് ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ കാര്യത്തില്‍ കേന്ദ്രത്തെ സമീപിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. കൃത്യമായ കണക്ക് നിരത്തി ആവശ്യമായ തുക കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന തുക അതിനുമാത്രം ഉപയോഗിക്കണം. സുനാമി, ഓഖി ദുരിതാശ്വാസ നിധികളുടെ കാര്യത്തിലുണ്ടായ അനുഭവം ആവര്‍ത്തിക്കരുത്.  സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക പണമായി തന്നെ നേരിട്ടു നല്‍കണം.

ഏറ്റവും ഹീനമായ കുറ്റം ആരോപിക്കപ്പെട്ട ജലന്ധര്‍ ബിഷപ്പിനെതിരെ നിയമം അനുശാസിക്കുന്ന വിധം നടപടിയെടുക്കുന്നതില്‍ സര്‍ക്കാരിന് വിറയ്ക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ജലന്ധറില്‍ നടന്ന ആക്രമണം ആശങ്ക ഉണ്ടാക്കുന്നതാണെന്നും  ശ്രീധരന്‍ പിള്ള പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും പ്രഖ്യാപനം. ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് പ്രസിഡന്‍റിന്‍റെ വിവേചനാധികാരമാണ്. ബി.ജെ.പി പ്രസിഡന്‍ഷ്യല്‍ പാര്‍ട്ടി ആണ്. മുന്‍ പ്രസിഡന്‍റ് നിയോഗിച്ച ഭാരവാഹികളെ ആജീവനാന്തം നിലനിറുത്തണമെന്നില്ല. പി.പി.മുകുന്ദന്‍ ഇപ്പോഴും ബി.ജെ.പിയിലെ പ്രാഥമിക അംഗമാണ്. അദ്ദേഹത്തിന് എന്തെങ്കിലും ചുമതല കൊടുക്കണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രസംസ്ഥാന തലത്തില്‍ ആലോചിച്ച് ചെയ്യും. കോണ്‍ഗ്രസ് വിട്ട് പ്രമുഖര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും ശ്രീധരന്‍ പിള്ള  പറഞ്ഞു

click me!