
ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വിചിത്ര ആവശ്യവുമായി ബി ജെ പി എം പി. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയായ 'പ്രധാനമന്ത്രി ആവാസ് യോജന'യില്‍ ഉൾപ്പെടുത്തി ശ്രീരാമന് വീട് നിർമ്മിച്ച് നൽകണമെന്നതാണ് എം പിയുടെ ആവശ്യം. ഉത്തർപ്രദേശിലെ ഘോശി മണ്ഡലത്തിൽ നിന്നുള്ള എം പിയായ ഹരിനാരായൺ രാജ്ഭറാണ് വിചിത്ര ആവശ്യമുന്നയിച്ച് കൊണ്ട് ജില്ലാ ഭരണകുടത്തിന് കത്തയച്ചിരിക്കുന്നത്.
'തലക്ക് മുകളിൽ ഒരു മേൽക്കൂര പോലും ഇല്ലാതെ മഴയും വെയിലും കൊണ്ടാണ് ശ്രീരാമൻ കഴിയുന്നത്. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുക എന്നതാണ് സർക്കാരിന്റെ ചുമതലകളിൽ ഒന്ന്. അതുകൊണ്ട് ജില്ലാ ഭരണകൂടം വീടില്ലാത്ത രാമന് പ്രധാനമന്ത്രിയുടെ ആവാസ് യോജനയില്‍ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് കൊടുക്കണം'- രാജ്ഭര്‍ കത്തിൽ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാമക്ഷേത്രം ചർച്ചയാകുന്ന സാഹചര്യത്തിലാണ് എം പിയുടെ ആവശ്യം എന്നത് ശ്രേദ്ധേയമാണ്. 2014ൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനവുമായാണ് അധികാരത്തിലേറിയത്. എന്നാൽ കാലാവധി കഴിയാറായിട്ടും വാഗ്ദാനം നിറവേറ്റാൻ സർക്കാരിന് സാധിച്ചില്ലെന്ന ആരോപണവുമായി നിരവധി സംഘടനകൾ രംഗത്തെത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam