
കോഴിക്കോട്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ബിജെപി ദേശീയ കൗൺസിലിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കൗൺസിലിന് മുന്നോടിയായി ഇന്ന് അഖിലേന്ത്യാ ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്മാരുടേയും യോഗം ചേരും. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം ഉറി ആക്രമണവും ഭാരവാഹി യോഗത്തിൽ ചർച്ചയാകും. പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും.
1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിന്റെയും അന്ന് സംഘടനയുടെ അമരത്തെത്തിയ ദീൻദയാല്‍ ഉപാധായയുടെും ഓർമ്മ പുതുക്കിയാണ് വീണ്ടും ദേശീയ സമ്മേളനം എത്തുന്നത്. ദക്ഷിണേന്ത്യ പിടിക്കുക എന്ന ചിരകാല ലക്ഷ്യത്തോടൊപ്പം യുപി, ഗുജറാത്ത്, പഞ്ചാബ്, ഗോവ തുടങ്ങി തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങളും ചർച്ചയാകും.
ഉറി ഭീകരാക്രമണത്തോടെ കോഴിക്കോട്ടെ സമ്മേളനത്തിന് അന്താരാഷ്ട്രാ മാനവും കൈവന്നു.രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഭീകരതെക്കെതിരായ തുടർ നിലപാടിനും പ്രധാനമന്ത്രിയുടെ വാക്കുകൾക്കും പ്രാധാന്യമേറെ. കൗൺസിലിലെ പ്രമേയത്തിൽ പാക്കിസ്ഥാനെതിരായ വിമർശനം ഉറപ്പാണ്.ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം കേരളത്തിൽ താമര വിരിയിക്കാനുള്ള പ്രത്യേക ചർച്ചയും അമിത്ഷായുടെ മേൽനോട്ടത്തിലുണ്ടാകും.
കടവ് റിസോർട്ടിലെ ഭാരവാഹി യോഗം നാളെ ഉച്ചവരെ നീളും. നാളെ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഞായറാഴ്ചയാണ് സ്വപ്നനഗരിയിൽ ദേശീയ കൗൺസിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam