
തിരുവനന്തപുരം: വ്യക്തമായ തെളിവുണ്ടെങ്കിൽ ആര്‍ക്കെതിരെയും നടപടിയെടുക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മര്‍ദ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ റവന്യു ഭൂമി കയ്യേറ്റങ്ങൾ കര്‍ശനമായി തടയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു
പൊലീസ് സംവിധാനം കാര്യക്ഷമമാക്കാനാണ് നടപടി. കേസുകളിൽ മുഖം നോക്കാതെ നടപടിയെടുക്കാം. രാഷ്ട്രീയ സമ്മര്‍ദ്ദം കണക്കിലെടുക്കേണ്ട കാര്യമില്ലെന്നാണ് പൊലീസിനോട് പിണറായി വിജയന്‍റെ നിര്‍ദ്ദേശം . അതേസമയം രാഷ്ട്രീയക്കാര്‍ക്കെതിരെ കാപ്പയടക്കമുള്ള വകുപ്പുകൾ ചുമത്തുമ്പോൾ അത് പരാതി ഉയരാത്ത വിധം യുക്തിസഹമാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും പരാതികള്‍ക്ക് പ്രാമുഖ്യം നൽകണം . റോഡപടകങ്ങൾ കുറക്കാൻ കര്‍ശന നടപടി വേണം. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാൻ ഉറവിടം കണ്ടെത്തി നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റവന്യു ഭൂമി കയ്യേറ്റം കര്‍ശനമായി തടയാൻ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണം.
കുടിൽ കെട്ടി സമരം പൊലുള്ളവ മുൻകൂട്ടി അറിയുകയും മുളയിലേ നുള്ളുകയും വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. റവന്യു റിക്കവറി നടപടികള്‍ക്ക് വേഗം കൂട്ടണം. സമഗ്ര വികസനത്തിന് സര്‍ക്കാര്‍ ആവിഷ്കരിച്ച നാലിന കര്‍മ്മ പദ്ധതിക്ക് സമയബന്ധിതമായ നടത്തിപ്പാണ് ആവശ്യമെന്നും ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് സെക്രട്ടറിമാരുടേയും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam