
ഭോപ്പാൽ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാറിനെ താഴെയിറക്കാൻ എംഎല്‍എയ്ക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തതായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിലെ കോൺഗ്രസ് എം എൽ എ ബൈജ്നാഥ് കുഷ്‍വാഹയ്ക്കാണ് ബിജെപി 100 കോടി വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം.
ബി ജെ പി എം എൽ എ നാരായൺ ത്രിപാഠി മൊറേന ജില്ലയിലെ സബൽഘട്ടിൽനിന്നുള്ള കോൺഗ്രസ് എം എൽ എ ബൈജ്നാഥ് കുഷ്‍വാഹയുമായി ബന്ധപ്പെട്ടിരുന്നു. മുൻ ബിജെപി മന്ത്രിമാരായ നരോതം മിശ്ര, വിശ്വസ് സാരംഗ് എന്നിവർ കുഷ്വാഹയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് സർക്കാരിനെ താഴെയിറക്കാൻ സഹായിക്കണമെന്ന് കുഷ്വാഹയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 100 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ കുഷ്വാഹയ്ക്ക് മന്ത്രി സ്ഥാനവും ബി ജെ പി നേതാക്കൾ വാഗ്ദാനം ചെയ്തതായും ദിഗ് വിജയ് സിംഗ് ആരോപണത്തില്‍ വിശദമാക്കി.
മധ്യപ്രദേശിൽ ഭരണം പിടിക്കുന്നതിനായി ബി ജെ പി മറ്റ് പല കോൺഗ്രസ് എംഎൽഎമാരേയും ഇത്തരത്തിൽ വാഗ്ദാനങ്ങളുമായി സമീപിച്ചതായി ദിഗ് വിജയ് ആരോപിച്ചു. അതേസമയം ദിഗ് വിജയ് സിംഗിന്റെ ആരോപണത്തിനെതിരെ ബി ജെ പി നേതാക്കൾ രംഗത്തെത്തി. കുറെകാലമായി ദിഗ് വിജയ് സിംഗ് ആരോപണങ്ങൾ ഉയർത്താൻ തുടങ്ങിയിട്ട്. ഇത് കേവലമൊരു പരസ്യ പ്രചാരണത്തിനുവേണ്ടി മാത്രം ഉന്നയിക്കുന്നതാണ്. തെളിവ് ഉണ്ടെങ്കിൽ ദിഗ് വിജയ് സിംഗ് നിയമ നടപടി സ്വീകരിക്കണമെന്നും നരോതം മിശ്ര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam