കേന്ദ്രമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; അതിര്‍ത്തിയില്‍ കെഎസ്ആര്‍ടിസി ബസ് തടയുന്നു

By Web TeamFirst Published Nov 21, 2018, 8:58 PM IST
Highlights

തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ബിജെപി കെഎസ്ആര്‍ടിസി ബസ് തടയുന്നു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി മോശമായി പെരുമാറി എന്ന് പരാതിപ്പെട്ടാണ് പ്രതിഷേധം. 

 

തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ബിജെപി കെഎസ്ആര്‍ടിസി ബസ് തടയുന്നു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രതിഷേധം. 

ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ പലയിടങ്ങളിലും ബിജെപി പ്രതിഷേധിച്ചു. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരിൽ പ്രതിഷേധകര്‍ കോലവുമായി നഗരത്തിൽ മാർച്ച് നടത്തി.

ശബരിമലയിലെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു. ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എസ്പി അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. 

പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല എന്ന്  പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്നും സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

click me!