
ഇംഫാല്‍: മണിപ്പൂരിൽ നാടകീയനീക്കങ്ങളിലൂടെയാണ് ബിജെപി ഭരണം പിടിച്ചത്. കേവലഭൂരിപക്ഷത്തിന് 6 പേരുടെ കൂടി പിന്തുണ ആവശ്യമായിരുന്ന ബിജെപിക്ക് രാംമാധവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഭൂരിപക്ഷത്തിനുള്ള എണ്ണം തികയ്ക്കാൻ കഴിഞ്ഞത്. 60 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലായിരുന്ന മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് സർക്കാർ രൂപീകരണശ്രമവുമായി മുന്നോട്ട് പോകുമ്പോഴാണ് പ്രദേശിക പാർട്ടികളുടെ പിന്തുണ തേടുന്നതിനായി ബിജെപി ദേശീയജനറൽ സെക്രട്ടറി രാം മാധവ് തന്നെ ഇംഫാലിൽ എത്തിയത്.
നാഗാ പിപ്പിൾ ഫ്രണ്ടുമായി ചേർന്ന മത്സരിച്ച ബിജെപി സഖ്യത്തിന് 25 സീറ്റുകളാണുണ്ടായിരുന്നത്. എൽജെപിയുടെ ഒരംഗം കൂടി പിന്തുണ പ്രഖ്യാപിച്ച ശേഷം 4 സീറ്റുകൾ നേടിയ നാഷണൽ പീപ്പിൾ പാർട്ടിയുടെയും സ്വതന്ത്രന്റെയും നിലപാട് നിർണ്ണായകമായി. ഇതിനിടെ സ്വതന്ത്രഎംഎൽഎ അഫബുദ്ദീനെ ബിജെപി തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. വൈകിട്ടോടെ നാഷണൽ പീപ്പിൾ പാർട്ടിനേതാവ് കോൺറാഡ് സാംഗ്മ തങ്ങളുടെ പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിച്ചതോടെ രംഗം കൃത്യമായി.
മണിപ്പൂരിൽ ബിജെപി കുതിരക്കച്ചവടവും അധികാരദുർവിനിയോഗവും നടത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനുള്ള അമിത്ഷായുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അസമിനും അരുൺചൽ പ്രദേശിനും ശേഷം ഇപ്പോൾ മണിപ്പൂരും ബിജെപി പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam