ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പി കോടതിയിലേക്ക്

By Web DeskFirst Published Aug 9, 2017, 1:14 PM IST
Highlights

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സ്ഥാനാര്‍ത്ഥിയായിരുന്ന ബല്‍വന്ത് സിംഗ് രാജ്പുത് കോടതിയെ സമീപിച്ചേക്കും. അമിത് ഷായുടെ നീക്കങ്ങള്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ജെ.ഡി.യു നേതാവ് ശരദ് യാദവ് അഹമ്മദ് പട്ടേലിനെ അഭിനന്ദിച്ചു.

ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇന്നു പുല‍ച്ചെ രണ്ടു മണിവരെ നീണ്ടു നിന്ന നാടകത്തിനു ശേഷമാണ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിജയം നേടിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളെ സാങ്കേതിക വിഷയങ്ങള്‍ ഉന്നയിച്ചുള്ള വാദത്തിലുടെയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളെ വോട്ട് രേഖപ്പെടുത്തിയത് കാണിച്ചത് നിയമപ്രകാരം അംഗീകരിക്കാനാവില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എട്ടു പേജുള്ള ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിനെതിരെ സ്ഥാനാര്‍ത്ഥിയായിരുന്ന ബല്‍വന്ത് സിംഗ് രാജ്പുത് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം റദ്ദാക്കി വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യപ്പെടുന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച തുടരുകയാണെന്ന് രാജ്പുത് അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിക്കനുസരിച്ചാണ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിച്ചത് എന്നതിനാല്‍ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്യില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇതിനിടെ അഹമ്മദ് പട്ടേലിനെ അനുമോദിച്ച ജെ.ഡി.യു നേതാവ് ശരദ് യാദവ് ഒരിക്കല്‍ കൂടി നിതീഷ് കുമാറിനോടുള്ള അതൃപ്തി പരസ്യമാക്കി. ഗുജറാത്തിലെ വരുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള തയ്യാറെടുപ്പിന് ഈ വിജയം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ദില്ലി നിയമസഭയില്‍ ഉള്‍പ്പടെ ബി.ജെ.പി ഇനി ലക്ഷ്യം വയ്‌ക്കുന്ന സമാന നീക്കങ്ങള്‍ക്ക് ഗുജറാത്തിലെ ഈ ഫലം തിരിച്ചടിയാണ്. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ളവര്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസില്‍ ജന്‍പഥ്-10നെ ചുറ്റിനില്‌ക്കുന്ന പഴയതലമുറ നേതാക്കള്‍ക്കും അഹമ്മദ് പട്ടേലിന്റെ ഈ വിജയം പുതിയ ഊര്‍ജ്ജമായി. 

click me!