165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് സർക്കാർ കുടിയൊഴിപ്പിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവിൽ നിന്ന് കുടിയിറക്കിയവരിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതി പ്രകാരം ബയ്പ്പനഹള്ളിയിൽ നിർമിച്ച ഫ്ലാറ്റുകളാണ് ഇവർക്ക് കൈമാറുന്നത്. അർഹതയുണ്ടെന്ന് കണ്ടെത്തിയ 61ൽ 49 കുടുംബങ്ങളെ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ തത്കാലം ഒഴിവാക്കി. 165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് കുടിയൊഴിപ്പിച്ചതെന്നാണ് സർക്കാർ വാദം. എന്നാല്‍ 350ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർന്നാണ് വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചത്. എന്നാൽ, ഫ്ലാറ്റുകൾക്ക് പണം നൽകണമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ നീക്കം വിമർശനം നേരിട്ടതോടെ ഉപേക്ഷിച്ചു.
2025 ഡിസംബറിലാണ് കർണാടകയിലെ യെലഹങ്കയിലെ കൊഗിലുവില്‍ ഒറ്റരാത്രി കൊണ്ട് ഇത്രയും വീടുകള്‍ കൈയേറ്റമാരോപിച്ച് പൊളിച്ചത്. വിവാദമായതോടെ ഫ്ലാറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ബൈപ്പനഹള്ളിയിൽ ഫ്ലാറ്റിന് പണം നൽകേണ്ടി വരില്ലെന്നും സർക്കാർ അറിയിച്ചു. ജനറൽ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നൽകും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നൽകും. എസ്‍സി, എസ്ടി വിഭാഗത്തിന് സബ്സിഡിയായി നൽകുക 9.5 ലക്ഷം രൂപയാണ്. സംസ്ഥാന ഗവൺമെന്റ് സബ്സിഡിക്ക് പുറമെ കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. 5 ലക്ഷം രൂപ നൽകും എന്നായിരുന്നു പ്രഖ്യാപനം. അർഹരായവരുടെ പട്ടിക തയ്യാറാക്കി തുടങ്ങുമെന്നും ജനുവരി ഒന്നു മുതൽ ഫ്ലാറ്റുകൾ കൈമാറി തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു.
ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായി മാറി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.
