
പനാജി: രാഷ്ട്രീയ പ്രതിസന്ധിയും ഭരണ സ്തംഭനവും നിലനില്‍ക്കുന്ന ഗോവയിൽ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ മാറ്റേണ്ടെന്ന് ബിജെപി തീരുമാനം . അതേ സമയം മന്ത്രിസഭ പുനസംഘടിപ്പക്കുമെന്ന് പാര്‍ട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ദില്ലി എയിംസിൽ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറിന് പകരം കേന്ദ്രമന്ത്രി ശ്രീ പദ് നായിക്കിനെയോ സംസ്ഥാന അധ്യക്ഷൻ വിനയ് ടെന്‍ഡുൽക്കറിനെയോ മുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ, ഇത്തരത്തിലൊരു നേതൃമാറ്റം വേണ്ടെന്നാണ് സംസ്ഥാന നേതാക്കളുമായി അമിത് ഷാ നടത്തിയ ചര്‍ച്ചയിലെ തീരുമാനം . നേതൃമാറ്റം പാര്‍ട്ടിക്കുള്ളിൽ പ്രശ്നമുണ്ടാക്കുമെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ചികില്‍സ കഴിഞ്ഞ പരീക്കര്‍ തിരികെ എത്തുമെന്ന സന്ദേശം നല്‍കാനാണ് പാര്‍ട്ടിയുടെ ശ്രമം.
അതേ സമയം, പരീക്കറിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പാര്‍ട്ടിയോ ആശുപത്രി അധികൃതരോ യാതൊരു വിവരവും പുറത്തു വിടുന്നില്ല . മന്ത്രിസഭാ പുനസംഘടനയുണ്ടാകുമെന്ന പ്രഖ്യാപനത്തിലൂടെ ഉപമുഖ്യമന്ത്രി പദം ആശിക്കുന്ന സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.
എംജിപിയുടെ സുദിൻ നവലിക്കര്‍ മുഖ്യമന്ത്രിയാകാൻ താല്‍പര്യം കാട്ടിയിരുന്നു. എന്നാൽ, മറ്റൊരു സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഈ നീക്കം എതിര്‍ത്തു. ഇരു പാര്‍ട്ടികളും ഉപമുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചാൽ രണ്ടു ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് മന്ത്രിസഭ പുനസഘടിപ്പിക്കാനാണ് സാധ്യത.
ഭരണം പിടിച്ചെടക്കാനുളളള കോണ്‍ഗ്രസ് ശ്രമത്തിന് തടയിടാനുള്ള അടവുകളാണ് ബി.ജെപി പയറ്റുന്നത്. ദില്ലിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ഗുരുതര ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam