
ബംഗളൂരു: ഖനി അഴിമതിയിൽ കുറ്റക്കാരനായ മുൻ മന്ത്രി ജനാർദൻ റെഡ്ഡിയെ കർണാടകത്തിൽ പ്രചാരണത്തിനിറക്കി ബിജെപി. റെഡ്ഡിയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രദുർഗയിൽ ബി എസ് യെദ്യൂരപ്പക്കൊപ്പം റെഡ്ഡി വേദി പങ്കിട്ടു. സഹോദരങ്ങൾക്കും അടുപ്പക്കാർക്കും സീറ്റ് നൽകിയും ജനാർദന റെഡ്ഡിയെ പാർട്ടിയോട് വീണ്ടും അടുപ്പിക്കുകയാണ് സംസ്ഥാന നേതൃത്വം.
ഒരു ബന്ധവുമില്ലെന്ന് ഒരു മാസം മുമ്പ് അമിത് ഷാ പറഞ്ഞ ജനാർദൻ റെഡ്ഡിയാണ് ശനിയാഴ്ച ചിത്രദുർഗയിലെ ബിജെപി വേദിയിൽ താരമായത്. സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം റോഡ് ഷോയിലും പൊതുസമ്മേളനത്തിലും റെഡ്ഡി സജീവം. നേതാക്കൾക്കൊപ്പം ജനാർദൻ റെഡ്ഡിക്കും മുദ്രാവാക്യം വിളികൾ.
അടുത്ത അനുയായി ബി ശ്രീരാമലുവിന്‍റെ പത്രികാ സമർപ്പണത്തിനാണ് റെഡ്ഡി എത്തിയത്. മൊളക്കാൾമൂരുവിലെ പാർട്ടി ഓഫീസിന് പുറത്ത് കാത്തുനിന്ന് യെദ്യൂരപ്പയെയും ചൗഹാനെയും വണങ്ങി റെഡ്ഡി..
അമ്പതിനായിരം കോടിയുടെ ഖനി അഴിമതിയിൽപ്പെട്ട റെഡ്ഡി ജാമ്യത്തിലാണ്. ബെല്ലാരിയിൽ പ്രവേശിക്കാൻ അനുമതിയില്ല. ശ്രീരാമലുവിന് ബെല്ലാരിക്ക് പുറത്ത് സീറ്റ് നൽകി ബിജെപി റെഡ്ഡിയെ അടുപ്പിക്കുന്നതിന്‍റെ ആദ്യ സൂചന നൽകി. പിന്നീടുളള സ്ഥാനാർത്ഥിപ്പട്ടികയിൽ റെഡ്ഡിയുടെ സഹോദരങ്ങളായ സോമശേഖരയും കരുണാകരയും ഇടം പിടിച്ചു. ഇപ്പോഴിതാ റെഡ്ഡി തന്നെ പഴയ പരിവേഷത്തിൽ തിരിച്ചെത്തി. റെഡിയുടെ കാര്യത്തിൽ യെദ്യൂരപ്പയും ദേശീയ നേതൃത്വവും രണ്ട് തട്ടിലാണെന്നും ചിത്രദുർഗയിലെ ചിത്രത്തിൽ നിന്ന് വ്യക്തമായി. സിദ്ധരാമയ്യ സർക്കാരിന്‍റെ അഴിമതി നിരത്തുന്ന ബിജെപി റെഡ്ഡിയുടെ പേരിൽ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam