ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ചെന്ന പരാതിയിൽ ആരോപണ വിധേയയായ ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് കുട്ടിയുടെ അച്ഛന്‍ മൊഴി നൽകി. രണ്ട് തവണ 5000 രൂപ വീതം നൽകിയെന്നാണ് മൊഴി.

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ചെന്ന പരാതിയിൽ ഡോക്ടര്‍മാരുടെ അന്വേഷണ സമിതി അമ്മയുടെയും അച്ഛന്‍റെയും മൊഴിയെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. ഡോക്ടർ ബിന്ദു സുന്ദറിന് കൈക്കൂലി കൊടുത്തെന്ന് അച്ഛൻ ബിനിൽ മൊഴി നല്‍കി. രണ്ട് തവണ 5000 രൂപ വീതം നല്‍കിയെന്നാണ് ബിനിലിന്റെ മൊഴി. എസ്എടി ആശുപത്രിയിലെ മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് പരാതി ചികിത്സാപ്പിഴവ് അന്വേഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചത്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. സിസേറിയന് നടത്തിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർ കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന കുഞ്ഞിന്‍റെ അച്ഛന്‍റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയായിരുന്നു നടപടി.

പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചതിൽ ഡോക്ടർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിസേറിയനിലൂ‌ടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്‌മിറ്റാവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിൻ്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു.

YouTube video player