ബിജെപി വാദം പൊളിയുന്നു; ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമല്ല

By Web TeamFirst Published Nov 2, 2018, 2:04 PM IST
Highlights

ളാഹ വനത്തില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമെന്ന ബിജെപിയുടെ വാദം പൊളിയുന്നു. ശബരിമല തീര്‍ത്ഥാടകനായിരുന്ന ശിവദാസന്‍ നിലയ്ക്കലുണ്ടായ പൊലീസ് നടപടിക്കിടെ കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. 

പത്തനംതിട്ട: ളാഹ വനത്തില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമെന്ന ബിജെപിയുടെ വാദം പൊളിയുന്നു. ശബരിമല തീര്‍ത്ഥാടകനായിരുന്ന ശിവദാസന്‍ നിലയ്ക്കലുണ്ടായ പൊലീസ് നടപടിക്കിടെ കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. 

എന്നാല്‍ ശിവദാസന്‍ മരിച്ചത് പൊലീസ് നടപടിക്കിടെയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 18 -ാം തിയതി ശബരിമല ദര്‍ശനത്തിന് പോയ അച്ഛന്‍ 19 -ാം തിയതി അമ്മയെ വിളിച്ചിരുന്നുവെന്ന് ശിവദാസന്‍റെ മകന്‍ പന്തളം പൊലീസിന് 25 -ാം തിയതി  നല്‍കിയ പരാതിയില്‍ പറയുന്നു. തമിഴ്നാട്ടുകാരനായ ആരുടേയോ മെബൈലില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. തൊഴുത് കഴിഞ്ഞ് സന്നിധാനത്ത് നില്‍ക്കുകയാണെന്നാണ് പറഞ്ഞിരുന്നതെന്നും മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

പൊലീസും മകന്‍റെ വാദങ്ങളെ ബലപ്പെടുത്തുന്നു. പൊലീസ് നടപടിയിലല്ല ശിവദാസന്‍ മരിച്ചതെന്ന് വ്യക്തമാക്കി കേരളാ പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിമല പ്രശ്നത്തില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തീയതികളിലാണ്. നിലയ്ക്കലായിരുന്നു പൊലീസ് നടപടി കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത് ളാഹ വനത്തിലാണെന്നും മൃതദേഹത്തിന് സമീപം അദ്ദേഹത്തിന്‍റെ മോപ്പഡ് (മോട്ടർസൈക്കിൾ ) ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. 

പൊലീസ് നടപടിക്ക് ശേഷം രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് മകന്‍റെ പരാതിയില്‍ തന്നെ പറയുന്നുണ്ട്. നിലയ്ക്കലെ പൊലീസ് നടപടിക്ക്  ശേഷം 18 -ാം തിയതിയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പോയത്. അച്ഛന്‍ ക്ഷേത്രദര്‍ശനത്തിന് പോകുമ്പോള്‍ മൊബൈല്‍ കൊണ്ടു പോകാറില്ലെന്നും സ്ഥിരമായി എല്ലാ മലയാളമാസവും ഒന്നാം തിയതി അച്ഛന്‍ ശബരിമല ദര്‍ശനത്തിന് പോകാറുണ്ടെന്നും മകന്‍ പന്തളം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്പി സി. നാരായണന്‍ പറഞ്ഞു. സമൂഹത്തില്‍ തെറ്റിദ്ധാരയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു. 

click me!