സാധാരണക്കാർ കള്ളപ്പണത്തിനെതിരെയുള്ള പോരാളികളായി മാറിയെന്ന് പ്രധാനമന്ത്രി

By Web DeskFirst Published Nov 25, 2016, 2:10 AM IST
Highlights

ദില്ലി: പണം അസാധുവാക്കൽ തീരുമാനത്തിനു ശേഷം ഇന്ത്യയിലെ സാധാരണക്കാർ കള്ളപ്പണത്തിനെതിരെയുള്ള പോരാളികളായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുൻകരുതലിനുള്ള സമയം കിട്ടാത്തതിലാണ് ചിലർക്ക് പരിഭവമെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പാർലമെന്റ് സ്തംഭനം തുടരുന്നതിനിടെയാണ് പുറത്ത് വീണ്ടും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പഞ്ചാബിവെ ഭാട്ടിന്‍ഡയില്‍ എയിംസ് ആശുപത്രി ഉദ്ഘാടനെ ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

പണം അസാധുവാക്കൽ തീരുമാനം നടപ്പാക്കിയ രീതിക്കെതിരെ മുൻപ്രധാനമന്ത്രി മൻമോഹൻസിംഗും രംഗത്തു വന്ന സാഹചര്യത്തിലാണ് തന്റെ നടപടിയെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നത്. അഴിമതി തുടച്ചു നീക്കാനുള്ള ഈ സമരത്തിൽ സാധാരണക്കാർ പോരാളികളാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തീരുമാനം ഇന്ത്യയുടെ യശസ്സ് ഉയർത്തും. വേണ്ടത്ര മുൻകരുതൽ ഉണ്ടായിരുന്നില്ല എന്ന് പരിഭവിക്കുന്നവർ കള്ളപ്പണം മാറ്റാനുള്ള സാവകാശം കിട്ടാത്തവരാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്ന് പാക്കിസ്ഥാന്‍ ഇതുവരെ മുക്തമായിട്ടില്ലെന്നും മോദി പറഞ്ഞു. പാർലമെന്റ് ചേർന്നപ്പോൾ പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ ഇരുസഭകളും സ്തംഭിച്ചു.

 

click me!