ബീഡി വ്യാപാര സ്ഥാപനത്തില്‍ എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ട്; അന്വേഷണം ശക്തമാക്കി

By Web DeskFirst Published Nov 19, 2016, 6:24 AM IST
Highlights

വെള്ളിയാഴ്ച രാത്രിയാണ് ആലുവയിലെ ബീഡി മൊത്തവ്യാപാര സ്ഥാപനം പരിശോധിച്ചപ്പോഴാണ് പുതിയ രണ്ടായിരത്തിന്റെ നോട്ടുകളടക്കം 30 ലക്ഷം രൂപ കിട്ടിയത്. കഴിഞ്ഞദിവസത്തെ വ്യാപാരത്തിലൂടെ കിട്ടിയതാണ് രണ്ടായിരത്തിന്റെ എട്ടുലക്ഷം രൂപയുടെ നോട്ടുകളെന്നാണ് ഉടമ വെങ്കിടാചലം മൊഴി നല്‍കിയത്. 

എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്യ സംസ്ഥാനതൊഴിലാളികളെ മറയാക്കി കമ്മീഷന്‍ അടിസ്ഥാനത്തില്‍ ആലുവയിലും പെരുമ്പാവൂരിലും വന്‍ തോതില്‍ കളളപ്പണം വെളുപ്പിക്കുന്നതായാണ് വിവരം. ബീഡി മൊത്തവ്യാപാരിയും ഇതേ മാര്‍ഗത്തിലൂടെ പണം മാറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

വെങ്കിടാചലത്തിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതിനിടെ സംസ്ഥാനത്തെ സെക്കന്റ് ഹാന്റ് വാഹന വില്‍പന സംബന്ധിച്ച് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റും അന്വേഷണം തുടങ്ങി. നോട്ടുപിന്‍വലിക്കലിന് പിന്നാലെ വില കൂടിയ സെക്കന്റ് ഹാന്റ് വാഹനങ്ങളുടെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. 

കളളപ്പണം വെളിപ്പിക്കാനാണ് ഇതെന്നാണ് സംശയിക്കുന്നത്. വില്‍പനയുടെയും റീ രജിസ്‌ട്രേഷന്റെയും വിശദാംശങ്ങള്‍ തേടി സെക്കന്റ് ഹാന്റ് വാഹന വില്‍പന കേന്ദ്രങ്ങള്‍ക്കും ആര്‍ടിഒ ഓഫീസുകള്‍ക്കും സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ടുമെന്റ് നോട്ടീസ് നല്‍കിയിയിട്ടുണ്ട്.
 

click me!