
മലപ്പുറം: ചെറിയൊരു ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ വീണ്ടും കുഴല്‍പണ മാഫിയ സജീവമാവുന്നു. അടുത്തിടെ മാത്രം പത്തുകോടിയോളം രൂപയുടെ കഴപ്പണമാണ് ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടയ്ക്കല്‍, വേങ്ങര എന്നിങ്ങനെയുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കുഴല്‍ പണമാഫിയ പിടി മറുക്കിക്കഴിഞ്ഞിട്ടുണ്ട്. നോട്ടു നിരോധനത്തിന് ശേഷം മൂന്നു മാസത്തോളം നിലച്ചിരുന്ന കുഴല്‍പണമിടപാട് അടുത്തിടെയാണ് വീണ്ടും സജീവമായത്.
ഒമ്പത് കോടി ഇരുപതു ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അടുത്തിടെ മാത്രം പൊലീസ് പിടിച്ചെടുത്തത്.ഏറ്റവും കൂടുതല്‍ കുഴല്‍പണം പിടിച്ചെടുത്തത് പെരിന്തല്‍മണ്ണയിലാണ്. മൂന്നരക്കോടി രൂപ. മഞ്ചേരിയില്‍ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയും കരുവാരക്കുണ്ട് നിന്നും ഒരു കോടി രൂപയും പിടിച്ചെടുത്തു. തിരൂരില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ അനധികൃത മദ്യപരിശോധയിലും കുഴല്‍പണമാണ് കിട്ടിയത്. ബൈക്കില്‍ കൊണ്ടുവരികയായിരുന്ന നാലേകാല്‍ ലക്ഷം രൂപ എക്‌സൈസ് അധികൃതര്‍ പിടികൂടി പൊലീസിന് കൈമാറി.
കൊയമ്പത്തൂരില്‍ നിന്നാണ് പ്രധാനമായും കുഴല്‍പണം എത്തുന്നതെന്നാണ് സൂചന. മലപ്പുറത്തിനു പുറമേ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ് കുഴല്‍പണ മാഫിയയുടെ പ്രധാന താവളം.