
ഇടുക്കി: ഇടുക്കിയിലെ ഹൈറേഞ്ചിലെ പാടശേഖരങ്ങളിൽ അനധികൃത കരമണൽ ഖനനം വീണ്ടും വ്യാപകമായി. കുടിവെള്ള ക്ഷാമം ഉൾപ്പെടെ വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മണൽ ഖനനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. വണ്ടന്മേട്, കന്പംമെട്ട് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് വൻതോതിൽ കരമണൽ ഖനനം നടക്കുന്നത്.
ചക്കുപള്ളം, വണ്ടൻമേട്, കരുണാപുരം എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വൻ തോതിൽ അനധികൃത കരമണൽ ഖനനം നടക്കുന്നത്. രണ്ടു പൊലീസ് സ്റ്റേഷൻ പരിധിയിലായി പതിനഞ്ചിലധികം മണൽ കളങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഒരു എക്സൈസ് ഉദ്യോഗസ്ഥൻറേതാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 20 അടി വരെ താഴ്ത്തിയാണ് മണൽ വാരുന്നത്. കുഴികളിലെ മണ്ണ് ഇളക്കിയ ശേഷം വെള്ളം കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് പന്പു ചെയ്യും. ഇങ്ങനെയെത്തിക്കുന്ന ചെളി വെള്ളം ഒഴിച്ച് കഴുകിയാണ് മണൽ എടുക്കുന്നത്. ട്രാക്ടറുകളിലുൾപ്പെടെ കൂറ്റൻ മോട്ടറുകൾ സ്ഥാപിച്ചാണ് പന്പു ചെയ്യുന്നത്. പ്രദേശത്തെ പല കുടിവെള്ള പദ്ധതികൾക്കും ഇവ ഭീഷണിയാണ്.
ദിവസേന 25 ലധികം ലോഡ് മണലാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗത്തേക്ക് പാസു പോലുമില്ലാതെ കൊണ്ടു പോകുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പാണ് ഖനനത്തിന് അനുമതി നൽകേണ്ടത്. എന്നാൽ ഇവിടെ ആർക്കും ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് മൈനിംഗ് ആൻറ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു. പൊലീസ്, മൈനിംഗ് ആൻറ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളാണ് നടപടിയെടുക്കേണ്ടത്. എന്നാൽ ഇവർ പടി വാങ്ങി കണ്ണടക്കുകയാണ്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തിട്ടും നടപടിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam