കൊല്ലത്ത് വൃദ്ധയെയും കുടുംബത്തെയും ബ്ലേഡ് മാഫിയ വീട്ടില്‍ നിന്ന് അടിച്ചിറക്കി

By Web DeskFirst Published Nov 8, 2017, 10:26 PM IST
Highlights

കൊല്ലം അഞ്ചലില്‍ 80 വയസുള്ള വൃദ്ധയടങ്ങിയ കുടുംബത്തെ ബ്ലേഡ് മാഫിയ വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. കൊള്ളപലിശ നല്‍കാത്തതിനാല്‍ വീട്ടുപകരണങ്ങളും വസ്‍ത്രങ്ങളും കഴിഞ്ഞ ദിവസം രാത്രി മാഫിയാ സംഘം നശിപ്പിച്ചു. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.

രണ്ട് വര്‍ഷം മുൻപാണ് ഏരൂര്‍ സ്വദേശിയായ ഹരികുമാര്‍ 30 ലക്ഷം രൂപ പ്രദേശവാസിയായ ചിത്തിര ഷൈജുവില്‍ നിന്ന് പലിശയ്‍ക്ക് എടുക്കുന്നത്. 25 ലക്ഷം രൂപയും പലിശയും അടച്ച് തീര്‍ത്തതായി ഹരികുമാര്‍ പറയുന്നു. പക്ഷേ കൂടുതല്‍ പലിശ ആവശ്യപ്പെട്ട് ഷൈജു ഇവരെ സമീപിച്ചു. ഇതോടെയാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കം. പണം അടയ്‍ക്കാതെ വന്നതോടെ ജാമ്യമായി കൊടുത്തിരുന്ന വീടും വസ്‍തുവും പലിശക്കാരുടെ പേരിലായി. പിന്നീട് ഹരികുമാറും കുടുംബവും വാടകവീട്ടിലേക്ക് മാറി. പിന്നീട് പണം പൂര്‍ണ്ണമായും അടച്ച ശേഷം, കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് ഇവരെ അടിച്ചിറക്കിയതെന്നാണ് പരാതി.

രാത്രി മുഴുവനും വീടിന്റെ കാര്‍പോര്‍ച്ചിലായിരുന്നു ഹരികുമാറും അമ്മ രാജമ്മയും ഭാര്യയും മകളും കഴിഞ്ഞത്. പണം പലിശയ്‍ക്ക് കൊടുക്കുന്ന ചിത്തിര ഷൈജുവിനെ ഓപ്പറേഷൻ കുബേരയിലൂടെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‍തിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

click me!