
മലപ്പുറം: സിനിമാ തിയറ്ററിലെ പീഡനത്തെ ന്യായീകരിച്ച് ബ്ലോഗര്‍ കെ പി സുകുമാരന്‍. ഫേസ്ബുക്കില്‍ 15000ല്‍ അധികം ഫോളോവേഴ്സുള്ള കെ പി സുകുമാരന്‍ ബ്ലോഗുകള്‍ തുടങ്ങിയ കാലം മുതല്‍ ഓണ്‍ലൈന്‍ വായനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. സാമൂഹ ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയങ്ങളിലെല്ലാം പ്രതികരണം രേഖപ്പെടുത്തുന്ന കെ പി സുകുമാരന്‍ 'ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ്' എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിക്കുന്നത്.
മൊയ്തീന്‍കുട്ടി ലഭിച്ച അവസരം ആസ്വദിക്കുകയാണ് ചെയ്തതെന്നും അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാൻ വിളിച്ചു വരുത്തുകയോ ചെയ്തിട്ടില്ലെന്നും കെപി സുകുമാരന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിനു കല്ലെറിയാൻ ഒരു മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു. കാരണം സിസിടിവിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നില്ലെങ്കിൽ ആ സംഭവം ഒരു പീഡനമാവില്ലായിരുന്നുവെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു.
ശിശുപീഡനത്തെ പിന്തുണച്ചും സിസിടിവിയെ എതിര്‍ത്തും മൊയ്തീന്‍കുട്ടിയെ ന്യായീകരിച്ച കെ പി സുകുമാരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
എത്ര പെട്ടെന്നാണ് തൃത്താലയിലെ മൊയ്തീൻകുട്ടി ക്രൂരനും പീഡകനും ആയി മാറിയത്. അയാളുടെ ജീവിതം കട്ടപ്പൊകയായത് എത്ര പൊടുന്നനെയാണ്. വായിച്ചറിഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്തപ്പോൾ മൊയ്തീൻകുട്ടിയുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയാണ് മകളുടെ മാതാവായ കഥാനായിക. മൊയ്തീൻ കുട്ടി സാമാന്യം പണക്കാരനാണ്. അയാൾക്ക് ലഭിച്ച അവസരം ആസ്വദിക്കുകയാണ് അയാൾ ചെയ്തത്. അങ്ങോട്ട് പോയി പീഡിപ്പിക്കുകയോ, പീഡിപ്പിക്കാൻ വിളിച്ചു വരുത്തുകയോ ചെയ്തതല്ല. സ്വമനസ്സാലെ മകളുമൊത്ത് മാതാവ് തിയേറ്ററിൽ വന്നതാണ്. ശേഷം അവർ തിയേറ്റർ വിട്ടുപോവുകയും ചെയ്തു. സംഭവം പീഡനമായി മാറുന്നത്, തിയേറ്റർ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ്. തിയേറ്ററിൽ സിസിടിവി ഉള്ള കാര്യം മൊയ്തീൻ കുട്ടിയും ആ സ്ത്രീയും മനസ്സിലാക്കിയിരിക്കാൻ വഴിയില്ല. സിസിടിവി ഇല്ലായിരുന്നെങ്കിൽ സമൂഹത്തിനു കല്ലെറിയാൻ ഒരു മൊയ്തീൻ കുട്ടിയെ ലഭിക്കില്ലായിരുന്നു. കാരണം സിസിടിവിയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നില്ലെങ്കിൽ ആ സംഭവം ഒരു പീഡനമാവില്ലായിരുന്നു.
കേസ് വന്ന സ്ഥിതിയ്ക്ക് ഇനി മാതാവ് എന്ന സ്ത്രീ സ്വന്തം സുരക്ഷയെ മുൻ നിർത്തിയാണ് പോലീസിൽ മൊഴി കൊടുക്കുക. താൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആ സ്ത്രീയ്ക്ക് കേസിൽ നിന്ന് ഊരി വരാൻ കഴിയും. സമൂഹം ചിന്തിക്കുന്നത് ഏകപക്ഷീയവും സംഭവങ്ങളുടെ ഒരു വശം മാത്രവുമാണ്. അത്കൊണ്ടാണ് മൊയ്തീൻ കുട്ടി കുറ്റവാളിയും പീഡകനും ആയി മാറുന്നത്. ഏത് സംഭവത്തിന്റെയും മറുവശവും കൂടി ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്.
പക്ഷെ മറുവശം പറയാൻ പാടില്ല എന്നൊരു നാട്ടുനടപ്പ് ഉണ്ട്. അത് കൊണ്ട് ആൾക്കൂട്ടം എന്ത് പറയുന്നുവോ അത് ഏറ്റുപറയുകയാണ് എല്ലാവരും ചെയ്യുന്നത്. ഇന്ന് പറയേണ്ടത് മൊയ്തീൻ കുട്ടി കാമപ്പിശാചും പീഡകനും ആണ് എന്നാണ്. മൊയ്തീൻ കുട്ടിയുടെ ഇച്ഛയ്ക്ക് വഴങ്ങിക്കൊടുത്ത ആ സ്ത്രീയോ? മാനുഷികമായ ദൗർബല്യങ്ങൾ ആണ് ഈ സംഭവത്തിൽ ഉടനീളം ഞാൻ കാണുന്നത്. സമാനമായ സംഭവങ്ങൾ ആർക്കും ഉപദ്രവം ഇല്ലാതെ പലയിടങ്ങളിലും നടക്കുന്നുണ്ടാകും. മനുഷ്യന്റെ ജൈവികചോദനകളും ദൗർബ്ബല്യങ്ങളും കണക്കിലെടുത്താൽ ഇത് പോലത്തെ സംഭവങ്ങൾ നടക്കുന്നില്ല എന്ന് പറയാൻ പറ്റില്ല.
ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നതിന്റെ റിസ്ക്ക് എനിക്കറിയാം. വായിച്ചിട്ട് നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും പറ്റിയാൽ ഇതായിരിക്കുമോ പ്രതികരണം എന്ന് മാനസിക വളർച്ചയില്ലാത്ത പലരും കമന്റ് എഴുതിയെന്ന് വരും. എഴുതിയ കമന്റ് അപ്പപ്പോൾ ഡിലീറ്റ് ചെയ്യാം എന്നും പരിധി വിട്ടെഴുതിയാൽ ബ്ലോക്ക് ചെയ്യാം എന്നതുമാണ് എനിക്കുള്ള രക്ഷാകവചം. എനിക്ക് മൊയ്തീൻ കുട്ടിയുടെ വക്കാലത്ത് ഇല്ല. അയാളെ ന്യായീകരിക്കാനും എനിക്ക് ബാധ്യതയില്ല. പക്ഷെ ഈ ഒരു സംഭവം മാത്രമാണ് അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച അതും ആ സ്ത്രീയുടെ സമ്മതത്തോടെ എന്ന്, മനുഷ്യജീവിതത്തിന്റെ അവസ്ഥകളും വസ്തുതകളുടെ ഇരുവശവും പരിശോധിക്കുന്ന എനിക്ക് പറയാതിരിക്കാനാവില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam