ലണ്ടനിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസെടുത്തു. മെട്രോപൊളിറ്റൻ പൊലീസിലെ കോൺസ്റ്റബിൾ പിസി ഹർമാൻ സിംഗിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാളോട് ഒക്ടോബർ 19-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടനിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗശ്രമം, ലൈംഗികാതിക്രമം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കൽ (Intentional Strangulation) എന്നീ ഗുരുതര കുറ്റങ്ങൾ ചുമത്തി കേസ് എടുത്തു. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസിലെ നോർത്ത് ഏരിയ കമാൻഡ് യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന പൊലീസ് കോൺസ്റ്റബിൾ പിസി ഹർമാൻ സിംഗിനെതിരെയെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മൂന്ന് കേസുകൾ

ഇരുപതുകളിലുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2026 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ജനുവരി 10 -ന് ഹർമാൻ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ബലാത്സംഗശ്രമം, രണ്ട് ലൈംഗികാതിക്രമ കേസുകൾ എന്നിവയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

മെട്രോപൊളിറ്റൻ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷം കേസ് ക്രൗൺ പ്രൊസിക്യൂഷൻ സർവീസിന് (CPS) കൈമാറി. തുടർന്നാണ് ഇയാൾക്കെതിരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തി കേസെടുത്തത്. നിലവിൽ സസ്പെൻഷനിലുള്ള ഹർമാൻ സിംഗിനോട് ഒക്ടോബർ 19 -ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യുകെ പൊലീസിന്‍റെയും പ്രൊസിക്യൂഷന്‍റെയും തീരുമാനം.