
കോഴിക്കോട്: ചോമ്പാല പൊലീസ് സ്റ്റേഷൻ വളപ്പിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനം നടന്നത്. സ്റ്റേഷന് പുറകിൽ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം നടന്നത്. പൊട്ടിയത് ബോംബല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. നിർവ്വീര്യമാക്കാതെ സ്റ്റേഷൻ വളപ്പിൽ കിടന്ന ഏതെങ്കിലും സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് ബോംബ് സ്ക്വാഡിന്‍റെ പ്രഥമിക നിഗമനം. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടിയിരുന്നു. ഇത് പിന്നീട് നിർവ്വീര്യമാക്കിയെങ്കിലും മാലിന്യകൂമ്പാരത്തിനിടയിൽ ബാക്കിയായ ഏതെങ്കിലും ഉഗ്ര ശേഷിയുള്ള പടക്കങ്ങൾ പൊട്ടിയതാകാമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പേരാമ്പ്ര ബസ്സ് സ്റ്റാന്‍റിന് സമീപത്തെ കാർത്തിക ഹോട്ടലിന് മുകളിൽ സ്റ്റീൽ ബോംബ് സ്ഫോടനം നടന്നിരുന്നു. കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനിടയിൽ നിന്നാണ് സ്ഫോടനമുണ്ടായത്. സിപിഎം ഏരിയ കമ്മറ്റി അംഗവും സിഐടിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ടികെ ലോഹിതാക്ഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ മറ്റ് സൂചനകളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam