
ന്യൂയോര്‍ക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് സിഎന്‍എന്‍ ആസ്ഥാനത്ത് 'ഫയര്‍ അലാം' മുഴങ്ങുമ്പോള്‍ ന്യൂസ് ഡെസ്‌കില്‍ തത്സമയ സംപ്രേഷണം നടക്കുകയായിരുന്നു. വാര്‍ത്താ അവതാരകരാകട്ടെ, ചര്‍ച്ച ചെയ്തിരുന്നത് ഒബാമയുടെയും ഹിലരിയുടെയും ഓഫീസുകളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത വാര്‍ത്തയും.
തത്സമയ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് കെട്ടിടത്തിലെ 'ഫയര്‍ അലാം' അടിക്കുകയായിരുന്നു. അവതാരകര്‍ ഇത് കേള്‍ക്കുകയും ഒന്ന് ഞെട്ടിക്കൊണ്ട്, അത് കെട്ടിടത്തിലെ 'ഫയര്‍ അലാം' ആണെന്ന് വിശദീകരിക്കുകയും ചെയ്തു. അപായ സൂചന കിട്ടിയതോടെ അവിടെ നിന്നും ആളുകള്‍ കൂട്ടമായി ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കുറച്ച് സെക്കന്റുകള്‍ കൂടി സംസാരിച്ച ശേഷം മാത്രമാണ് അവതാരകർ ഷോ അവസാനിപ്പിച്ചത്.
ഓഫീസിലേക്ക് വന്ന തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. പൈപ്പുകളും വയറുകളുമെല്ലാം ഘടിപ്പിച്ച നിലയിലുള്ള പാക്കറ്റ് സ്‌ഫോടകവസ്തുക്കളാണെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനം പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടം പൂര്‍ണ്ണമായും ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്താ അവതാരകര്‍ റോഡില്‍ നിന്നാണ് തത്സമയം വാര്‍ത്തകള്‍ അവതരിപ്പിച്ചത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണിന്റെയും ഓഫീസുകളില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇവിടങ്ങളില്‍ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam