
മുംബൈ: ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെ 3.30 കേസുകള്‍ കേട്ട് ജഡ്ജി ചരിത്രം സൃഷ്‌ടിച്ചു. വേനലവധിക്കായി മേയ് അഞ്ച് മുതല്‍ കോടതി പിരിയുന്ന സാഹചര്യത്തിലാണ് കെട്ടിക്കിടന്ന 135 കേസുകളില്‍ തീര്‍പ്പുണ്ടാക്കാനായി ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.ജെ കതാവ്‌ല ഇത്തരമൊരു തീരുമാനമെടുത്തത്.
കഴിഞ്ഞ ഒരാഴ്ചയായി മുംബൈ ഹൈക്കോടതിയില്‍ ജസ്റ്റിസ് കതാവ്‍ലയുടെ ഇരുപതാം നമ്പര്‍ കോടതി മുറി അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുകയാണ്. അവധി ദിവസത്തിന്റെ തൊട്ടുതലേന്നായിട്ടും നൂറിലധികം കേസുകള്‍ ബാക്കി കിടന്നതോടെ അദ്ദേഹം കേസുകള്‍ തീരുന്നത് വരെ കോടതിയിലിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിഗണിച്ച 135 കേസുകളില്‍ 70 എണ്ണവും അടിയന്തര പ്രാധാന്യമുള്ളവയായിരുന്നു. പുലര്‍ച്ച 3.30 വരെ കക്ഷികളും എതിര്‍ കക്ഷികളും അഭിഭാഷകരും കോടതി ജീവനക്കാരുമെല്ലാം പരിഭവമൊന്നുമില്ലാതെ അദ്ദേഹത്തിനൊപ്പം സജീവമായി വ്യവഹാരങ്ങളില്‍ മുഴുകി.
സ്വത്ത് തര്‍ക്കം, ബൗദ്ധിക സ്വത്തവകാശം, വാണിജ്യ തര്‍ക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് അദ്ദേഹം പരിഗണിച്ചത്. രാവിലെ 10 മണി മുതല്‍ പുലര്‍ച്ചെ 3.30 വരെ കേസുകള്‍ കേട്ട അദ്ദേഹം ഇടയ്‌ക്ക് 20 മിനിറ്റ് മാത്രമാണ് ഇടവേളയെടുത്തത്. 59 കാരനായ കതാവ്‍ല
2009ലാണ് അഡീഷണല്‍ ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്. 2011 ല്‍ സ്ഥിരം ജഡ്ജായി. പുലര്‍ച്ചെ വരെ കേസുകള്‍ കേട്ട നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപ്പേര്‍ രംഗത്തെത്തി. അഭിഭാഷകരും കക്ഷികളുമെല്ലാം അദ്ദേഹത്തിന്റെ ക്ഷമയും ജോലിയോടുള്ള ആത്മാര്‍ത്ഥയും ഏകാഗ്രതയുമെല്ലാം അസാമാന്യമാണെന്ന് പ്രകീര്‍ത്തിച്ചപ്പോള്‍ കോടതി ജീവനക്കാരുടെ അവസ്ഥ കൂടി ജഡ്ജി മനസിലാക്കണമായിരുന്നുവെന്നായിരുന്നു ഒരു വിരമിച്ച ജഡ്ജിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam