25 കോടി രൂപ വില വരുന്ന പെയിന്റിംഗുകൾ തന്റെ പക്കലുണ്ടെന്നും സിംഗ്‍വിയുടെ സത്യവാങ്മൂലത്തിലുണ്ട്

ദില്ലി: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയും മുതിർന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‍വിക്ക് 2,800 കോടി രൂപയുടെ ആസ്തി. രാജ്യസഭ സ്ഥാനാർത്ഥിയായി തെലങ്കാനയിൽ നിന്ന് നാമനിർദേശ പ്രത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു ‍വ‌ർഷത്തെ വരുമാന വിവരങ്ങളും മനു അഭിഷേക് സിംഗ്‍വി വ്യക്തമാക്കിയിട്ടുണ്ട്. 1,516 കോടി രൂപയാണ് ഈ കാലയളവിലെ വരുമാനം എന്നും സിംഗ്‍വിയുടെ സത്യവാങ്മൂലത്തിലുണ്ട്. 

2024 -25ൽ 374 കോടി രൂപയും 2023 -24ൽ 333 കോടിയിലേറെയും ആണ് അദ്ദേഹം വരുമാനമായി കാണിച്ചിട്ടുള്ളത്. തന്റെ പേരിലും ഭാര്യയുടെ പേരിലും ഹിന്ദു കൂട്ടുകൂടുംബ വ്യവസ്ഥ പിന്തുടരുന്ന കുടുംബാംഗങ്ങളുടെ പേരിലാണ് ഈ സ്വത്തെന്നും സത്യവാങ്മൂലത്തിൽ സിംഗ്‍വി വ്യക്തമാക്കുന്നു. 25 കോടി രൂപ വില വരുന്ന പെയിന്റിംഗുകൾ തന്റെ പക്കലുണ്ടെന്നും സിംഗ്‍വിയുടെ സത്യവാങ്മൂലത്തിലുണ്ട്.