ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ ബോണസും ലഭിക്കും

By Web DeskFirst Published May 24, 2018, 9:29 AM IST
Highlights

ട്രെയിനുകളിലും സ്റ്റേഷനുകളുടെ 25 മീറ്റര്‍ പരിധിയിലും ആപ്പ് പ്രവര്‍ത്തിക്കില്ല.

തിരുവനന്തപുരം: അൺറിസർവ്ഡ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ റീചാര്‍ജ്ജുകള്‍ക്ക് ഇനി മുതല്‍ ബോണസും ലഭിക്കും. യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പിലെ വാലറ്റിലേക്ക് 1000 രൂപ ആഡ് ചെയ്യുമ്പോള്‍ 1050 രൂപയുടെ ടിക്കറ്റുകള്‍ എടുക്കാം.100 മുതല്‍ 5000 രൂപ വരെയുള്ള തുകകള്‍ക്ക് ആപ്പ് റീചര്‍ജ് ചെയ്യാം. പരമാവധി തുക 10,000 ആക്കി വര്‍ദ്ധിപ്പിക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ചെറിയ ദൂരം യാത്ര ചെയ്യുന്നവര്‍ക്കാണ് ആപ്പ് ഏറെ ഉപകാരപ്പെടുക. ടിക്കറ്റിനായുള്ള ക്യു ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം. ആണ്‍ട്രോയിഡ്, വിന്‍ഡോസ്, ഐ.ഒ.എസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്ത് ആപ്പില്‍ പ്രവേശിച്ച ശേഷം വാലറ്റിലേക്ക് പണം നിക്ഷേപിക്കാം. ഇതുപയോഗിച്ച് ടിക്കറ്റെടുക്കാനാവും. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറുമായി ടിക്കറ്റ് ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരാള്‍ക്ക് ടിക്കറ്റ് കൈമാറാന്‍ കഴിയില്ല. ഫോണില്‍ ലഭ്യമാവുന്ന ടിക്കറ്റിന്റെ ചിത്രം പരിശോധനാ വേളയില്‍ ഉദ്ദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാവും.

ട്രെയിനുകളിലും സ്റ്റേഷനുകളുടെ 25 മീറ്റര്‍ പരിധിയിലും ആപ്പ് പ്രവര്‍ത്തിക്കില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും പരിശോധകരെ കാണുമ്പോള്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നത് തടയാനുമാണിത്. ജിയോ ഫെന്‍സിങ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. സ്റ്റേഷന്റെ അഞ്ച് കിലോമീറ്റര്‍ പരിധിക്ക് ഉള്ളിലായിരിക്കണം ടിക്കറ്റ് എടുക്കുന്നയാള്‍.

click me!