
ക്രേവൻ കൗണ്ടി: കാണാതായ മൂന്നുവയസുകാരനെ സംരക്ഷിച്ച് കരടി. ഒരു സിനിമയെ വെല്ലുന്ന സംഭവമാണ് അമേരിക്കയിലെ നോർത്ത് കരോളീന ക്രേവൻ കൗണ്ടിയില്‍ നിന്നും ലോകം കേട്ടത്. പൂജ്യത്തിൽ താഴെ താപനിലയുള്ള വനത്തിൽ ചൊവ്വാഴ്ച കാണാതായ മൂന്നുവയസുകാരൻ കേസി ലിൻ ഹാത്ത്വേയെ രണ്ടു ദിവസത്തിനു ശേഷമാണു രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കൊടുംതണുപ്പിൽ ചൂടു പകർന്നു തന്നെ സംരക്ഷിച്ചത് ഒരു കരടിയാണെന്ന് കേസി പറഞ്ഞതായി ക്രേവൻ കൗണ്ടി ഷെരീഫ് ചിപ് ഹഗ്സ് അറിയിച്ചു. കുട്ടിയുടെ വാക്കുകൾ അവന്റെ മാതൃസഹോദരി ബ്രിയന്ന ഹാത്ത്വെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദൈവം അവനെ സംരക്ഷിക്കാൻ ഒരു കൂട്ടുകാരനെ അയച്ചു. അദ്ഭുതങ്ങൾ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്രിയന്ന പറഞ്ഞു.
എർണലിൽ വല്യമ്മയുടെ വീടിനു പിന്നിൽ ബന്ധുക്കളായ രണ്ടു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നു വയസുകാരനെ കാണാതായത്. കൂട്ടുകാർ വീടിനുള്ളിലേക്ക് കയറിയപ്പോൾ കുട്ടി അവർക്കൊപ്പമില്ലായിരുന്നു. 48 മണിക്കൂർനീണ്ട തെരച്ചിലിനൊടുവിൽ കുറ്റിച്ചെടികൾക്കിടയിൽനിന്നു ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷാപ്രവർത്തകരെത്തിയതും കേസിയെ കണ്ടതും.
പൂജ്യം ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ പ്രതിരോധ വസ്ത്രങ്ങൾ ഇല്ലാതെയാണ് കേസിയെന്നത് രക്ഷാപ്രവർത്തനത്തിനു കൂടൂതൽ തീവ്രത പകർന്നു. ഹെലികോപ്ടറും ഡ്രോണുകളും കെ-9 യൂണിറ്റുകളും ഡൈവർമാരുമെല്ലാം രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. 66 സെന്റിമീറ്റർ മാത്രം ഉയരമുള്ള കുട്ടിക്ക് ചെറിയ പരിക്കുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam