നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 25, 2018, 1:22 PM IST
Highlights

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച എട്ട് ബിജെപി  പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലയ്ക്കലില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.  

പന്ത്രണ്ടരയോടെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം എത്തിയത്. ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയ ശേഷം നിലയ്ക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു.

എന്നാല്‍ നിലയ്ക്കലില്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം, നാമജപവുമായി കുത്തിയിരുന്നതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘത്തില്‍ രണ്ടുപേര്‍ പൊലീസ് നടപടിയ്ക്കിടെ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ള എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും പൊലീസ് ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡിനുള്ളിൽ കടന്നും നാമജപം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിൻമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. 

എന്നാല്‍ ഇരു സംഘങ്ങൾക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടർന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടർന്ന് എസ്‌പി ശിവവിക്രത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.

അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവർ പറഞ്ഞു. കസ്റ്റഡിയിലായവര്‍ക്ക് പരസ്പരം പരിചയമില്ലെന്നും  ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവർ പറഞ്ഞു. 

എന്നാൽ ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണൻ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവരികയായിരുന്നു. സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചു, മാർഗതടസമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവരുടെ പേരിൽ ചുമത്തിയത്. മണിയാര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

click me!