Latest Videos

സ്തനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന പ്രാകൃത രീതി ബ്രിട്ടനിലും; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

By Web TeamFirst Published Jan 27, 2019, 3:37 PM IST
Highlights

ഇത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നാണ് വിദഗ്ദ ഡോക്ടര്‍ന്മാരുടെ അഭിപ്രായം. ഈ ആചാരത്തിന്‍റെ ഭാഗമാകുന്ന കുട്ടികളില്‍ ശരീരിക മാനസിക വൈകല്യങ്ങളും അണുബാധ,സ്തനാര്‍ബുധം,മുലയൂട്ടാന്‍ സാധിക്കാതെ വരിക തുടങ്ങി നിരവധി പ്രശ്‌നങ്ങൾ  ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു

ലണ്ടന്‍: പുരുഷന്മാരുടെ നോട്ടങ്ങളെ ഭയന്ന് പെണ്‍കുട്ടികളുടെ സ്തനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന പ്രാകൃത രീതി ബ്രിട്ടനിലും. പഴുപ്പിച്ച ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് സ്തന വളർച്ച മുരടിപ്പിക്കുന്ന ആചാരം ലണ്ടനിലും പടരുന്നതായാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ മാത്രം തുടര്‍ന്നുവരുന്ന ആചാരമാണ് ഇപ്പോള്‍ ബ്രിട്ടണിലും  വ്യാപിക്കുന്നത്. ലണ്ടൻ, യോക് ഷെയര്‍, എക്‌സസ്, വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹങ്ങളുടെ ഇടയിലാണ് ഈ ആചാരം വ്യാപകമായി പടരുന്നതെന്ന് ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ മാത്രം സമീപകാലത്ത് 15 മുതല്‍ 20 കേസുകള്‍ വരെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പെണ്‍കുട്ടികളെ  ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി തുടര്‍ന്നു പോരുന്ന ആചാരമാണ് സ്തനങ്ങളുടെ ഭാഗത്ത് കല്ലോ ഇരുമ്പോ പഴുപ്പിച്ചുവയ്ക്കുക എന്നത്. ഇതിലൂടെ സ്തനങ്ങളുടെ വളർച്ച ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഈ ആചാരത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക്  അസഹ്യമായ വേദനയാണ്  അനുഭവിക്കുന്നത്.

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ച് കുറ്റകൃത്യങ്ങളില്‍ ഒന്നായാണ് യുഎന്‍ ഈ പ്രാകൃത പ്രവര്‍ത്തിയെ വിശദീകരിക്കുന്നത്. ഇത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നാണ് വിദഗ്ദ ഡോക്ടര്‍ന്മാരുടെ അഭിപ്രായം. ഈ ആചാരത്തിന്‍റെ ഭാഗമാകുന്ന കുട്ടികളില്‍ ശരീരിക മാനസിക വൈകല്യങ്ങളും അണുബാധ,സ്തനാര്‍ബുധം,മുലയൂട്ടാന്‍ സാധിക്കാതെ വരിക തുടങ്ങി നിരവധി പ്രശ്‌നങ്ങൾ  ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബന്ധുക്കളും അമ്മമാരുമാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നത്. ചൂടാക്കിയ ഇരുമ്പോ കല്ലോ ഉപേയോഗിച്ച്  സ്തനത്തിന് ചുറ്റും ശക്തമായി അമർത്തും. ആഴ്ചയില്‍ ഒരു ദിവസമോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് ഉഴിയല്‍ നടത്തുക. സ്തനത്തിന്‍റെ വളര്‍ച്ച മുരടിക്കുന്നതുവരെ ഈ പ്രവണത തുടരും. ബ്രിട്ടനിൽ ആയിരത്തോളം കുട്ടികള്‍ ഈ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക മാര്‍ഗരറ്റ് പറയുന്നു. എന്നാല്‍ അതുസംബന്ധിച്ച പഠനമോ വിശദ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉഴിയലിന് വിധേയരായ അഞ്ച് സ്ത്രീകള്‍ തന്‍റെ  ക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് മനോരോഗചികിത്സകയായ ലയ്‌ല ഹുസൈന്‍ പറഞ്ഞു. അവരെല്ലാം ബ്രിട്ടീഷ് സ്ത്രീകളാണെന്നും അതിൽ ഒരാളുടെ സ്തനം പൂര്‍ണമായും ഇല്ലാതായ നിലയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. അതേസമയം ഈ ആചാരം ഇല്ലാതാക്കന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെക്കാള്‍   കൂടുതൽ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തിൽ  ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും സർക്കാർ പറഞ്ഞു.

click me!