ബ്രെക്സിറ്റ്: ബ്രിട്ടണിൽ പ്രതിപക്ഷമായ ലേബർ പാർട്ടിയില്‍ കലാപം

By Web DeskFirst Published Jun 26, 2016, 1:44 PM IST
Highlights

ലണ്ടന്‍: ബ്രെക്സിറ്റ് തീരുമാനത്തിന് പിന്നാലെ ബ്രിട്ടണിൽ പ്രതിപക്ഷമായ ലേബർ പാർട്ടിയിലും കലാപം. തന്നെ പുറത്താക്കാൻ നീക്കം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷത്തെ നിഴൽ മന്ത്രിസഭയിലെ  വിദേശകാര്യ സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് കോർബൈൻ പുറത്താക്കി. പിന്നാലെ നിഴൽ മന്ത്രിസഭയിലെ പകുതിയോളം പേർ രാജിക്കൊരുങ്ങുകയാണ്

യൂറോപ്യൻ യൂണിയന് വിടാനുള്ള തീരുമാനം ബ്രിട്ടണിൽ തുടർചലനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഗതിയാകുമോ പ്രതിപക്ഷ നേതാവിനും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പൊതുവെ യൂറോപ്യൻ യൂണിയൻ വിരുദ്ധനായിരുന്നു ജെറെമി കോർബൈൻ. പക്ഷേ ഹിതപരിശോധനയ്ക്ക് മുന്പുള്ള പ്രചാരണത്തിൽ യൂണിയനിൽ തുടരണമെന്ന പാർട്ടിയിലെ ഭൂരിപക്ഷ നിലപാടിനൊപ്പം പ്രചാരണത്തിനിറങ്ങി. 

പക്ഷേ കോർബൈന്‍റെ തണുപ്പൻ പ്രചാരണമാണ് പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും ബ്രെക്സിറ്റിന് അനുകൂലമായി വോട്ടർമാർ തിരിയാൻ കാരണമെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് കോർബൈൻ. നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച നിഴൽ മന്ത്രിസഭയിലെ വിദേശകാര്യ സെക്രട്ടറി ഹിലരി ബെന്നിനെ അദ്ദേഹം പുറത്താക്കി. പിന്നാലെ നിഴൽ ആരോഗ്യ സെക്രട്ടറി രാജിവച്ചു. 

നിഴൽ മന്ത്രിസഭയിലെ പകുതിയോളം പേർ രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. കോർബൈനെതിരായി അവിസ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം നാളെ നടക്കുന്ന ലേബർ പാർട്ടി എംപിമാരുടെ യോഗം ചർച്ച ചെയ്തേക്കും. നേതൃസ്ഥാനത്തേക്ക് കോർബൈനെതിരെ രംഗത്തുവരുന്ന ഏതൊരാൾക്കും 229 ലേബർ എംപിമാരിൽ 20ശതമാനത്തിന്‍റെ പിന്തുണയെങ്കിലും വേണം. 

പിന്നീടെ പാർട്ടി അംഗങ്ങളുടെ നിലപാടറിയാനുള്ള വോട്ടെടുപ്പ് നടക്കൂ. ഇതിനിടെ ബ്രെക്സിറ്റിന് സ്കോട്ടിഷ് പാർലമെന്‍റിന് വീറ്റോ ചെയ്യാനാകമെന്ന് സ്കോട്ട്‍ലൻഡ് പ്രഥമ മന്ത്രി നികോള സ്റ്റേർജൻ രംഗത്തെത്തി. ഇതിനിടെ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയ്ക്ക് ശേഷം യൂറോപ്പ് എന്ന പൊതു വിപണി ബ്രിട്ടണ് നഷ്ടമായാൽ ലണ്ടനിലെ ആസ്ഥാനത്ത് നിന്ന് ആയിരം ജീവനക്കാരെ പാരിസിലേക്ക് മാറ്റാൻ എച്ച്എസ്ബിസി ബാങ്ക് തീരുമാനിച്ചു.

click me!