കെ എം ഷാജി എംഎല്‍എയ്‌ക്കെതിരെ 25 ലക്ഷത്തിന്റെ അഴിമതി ആരോപണവുമായി ലീഗ് നേതാവ്

By Web DeskFirst Published Sep 18, 2017, 6:56 AM IST
Highlights

കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എക്കെതിരെ അഴിമതിയാരോപണവുമായി മുസ്ലിം ലീഗ് നേതാവ്. ലീഗ് ഓഫീസ് നിര്‍മ്മാണത്തിന് കിട്ടേണ്ടിയിരുന്ന 25 ലക്ഷം രൂപ എംഎല്‍എ തട്ടിയെടുത്തുവെന്നാണ് കണ്ണൂര്‍ ജില്ലാകമ്മിറ്റിക്ക് നല്‍കിയ പരാതി. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

2014ല്‍ അഴീക്കോട് സ്‌കൂളിന് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കാട്ടി അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയാണ് പുറത്തു വന്നിരിക്കുന്നത്. പാര്‍ട്ടിയിടപെട്ട് ലഭിച്ച ഹയര്‍സെക്കണ്ടറി ബാച്ചിന് പകരം മുസ്ലിം ലീഗ് ഓഫീസ് നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ മാനേജ്‌മെന്റ് തയാറായെന്നും ഇത് എം.എല്‍.എ ഇടപെട്ട് തടഞ്ഞ് സ്വന്തം പേരില്‍ വാങ്ങിയെന്നും കത്തില്‍ ആരോപിക്കുന്നു. പരാതി നല്‍കിയ നൗഷാദിനെ നിലവില്‍ പുറത്താക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. പരാതിക്ക് പാര്‍ട്ടി മറുപടി നല്‍കിയിട്ടുമില്ല. പരസ്യമായി പ്രതികരിക്കാന്‍ നൗഷാദും തയാറായില്ല. അതേസമയം നല്ല നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനോട് പാര്‍ട്ടിക്കടക്കം ആര്‍ക്കും പണം നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ കെ.എം ഷാജി, ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.

എസ്‌പിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എം.എല്‍.എ. കണ്ണൂരില്‍ മുസ്ലിംലീഗിനകത്ത് വര്‍ഷങ്ങളായി തുടരുന്ന വിഭാഗീയതയുടെ ഭാഗമായാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന അഴിമതിയാരോപണം. തില്ലങ്കേരി സ്‌കൂളില്‍ നടന്ന ക്രമക്കേടിലും, അഴീക്കല്‍ തുറമുഖത്തെ മണല്‍ ഖനന അഴിമതിയിലും നീറിപ്പുകയുകയാണ് ജില്ലാക്കമ്മിറ്റിയിലെ ആഭ്യന്തര രാഷ്ട്രീയം. ആഴ്ച്ചകള്‍ക്ക് മുന്‍പാണ് കൊളച്ചേരിയില്‍ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നേതാക്കള്‍ സിപിഎമ്മില്‍ ചേക്കേറിയത്.

click me!