
ലണ്ടന്‍; ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് തങ്ങളുടേതെന്ന വാദം ബ്രിട്ടന്‍ ഉപേക്ഷിച്ചു. ബ്രിട്ടന്റെ ട്രഷറി ചീഫ് ഫിലിപ്പ് ഹാമോന്‍ഡ് ആണ് പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ബ്രിട്ടന്റേതെന്നാണ് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ ഹാമോന്‍ഡ് പറയുന്നത്.
ഐ.എം.എഫിന്റെ ജിഡിപി റാങ്കിംഗ് വച്ചാണ് ബിട്ടന്‍ തങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇടിയുകയാണെന്ന കാര്യം സ്ഥിരീകരിക്കുന്നത്. 2017-ലെ കണക്കുകള്‍ അനുസരിച്ച് ഫ്രാന്‍സാണ് ബ്രിട്ടനെ കടത്തി വെട്ടി അഞ്ചാം സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. നേരിയ വ്യത്യാസമാണ് ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ളത്. 2013-ന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ലണ്ടനെ മറികടന്ന് പട്ടികയില്‍ മുന്‍പിലെത്തുന്നത്. 2016 ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ച ശേഷം ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി നാള്‍ക്കുനാള്‍ മോശമായി കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബ്രക്‌സിറ്റ് ഫലം പുറത്തു വന്നതോടെ ബ്രീട്ടീഷ് കറന്‍സിയായ പൗണ്ടിന്റെ മൂല്യം കുത്തനെയിടിഞ്ഞു. സാമ്പത്തികരംഗത്ത് 1.5 വളര്‍ച്ചയാണ് അടുത്ത വര്‍ഷം ബ്രിട്ടന്‍ നേടുകയെന്നാണ് ബജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019-20 ല്‍ ഇത് 1.4 ശതമാനവും, 2020-21-ല്‍ ഇത് 1.3 ശതമാനവും ആയിരിക്കുമത്രേ. ബ്രക്‌സിറ്റോടെ ബ്രിട്ടന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന് വാദിച്ച നേതാക്കള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് ബ്രിട്ടന്റെ ഈ സാമ്പത്തികതളര്‍ച്ച.
അതേസമയം അഞ്ച്-ആറ് സ്ഥാനങ്ങളില്‍ നേരിയ വ്യത്യാസത്തില്‍ തുടരുന്ന ഫ്രാന്‍സിനേയും ബ്രിട്ടനേയും 2019-ല്‍ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്. വിവിധ ലോകരാജ്യങ്ങളും അവയുടെ സമ്പദ്ധ് വ്യവസ്ഥയുടെ മൂല്യവും.... അമേരിക്ക(19.4 ട്രില്ല്യണ്‍ യു.എസ് ഡോളര്‍), ചൈന(11.9), ജപ്പാന്‍(4.9), ജര്‍മ്മനി (3.7), ഫ്രാന്‍സ് (2.575), ബ്രിട്ടന്‍(2.565), ഇന്ത്യ(2.4).