
ദില്ലി: കാറ്റ് ശക്തമായി വീശുമ്പോൾ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ചോളം ഏറെ ശ്രമകരമായ ദൗത്യമാണ്. പലപ്പോഴും വിമാനത്താവളങ്ങളില്‍ നിന്ന് അത്തരം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാറുമുണ്ട്. അത്തരത്തിൽ ലാന്‍ഡിങിനിടെ നിലത്തിടിച്ച് വീണ്ടും പൊങ്ങി പറന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഹൈദരാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വ്യോമഗതാഗത കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ 276 വിമാനമാണ് അപകടത്തില്‍ നിന്നും അതിശയകരമായി രക്ഷപ്പെട്ടത്. റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം വിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച് വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു.
എന്നാല്‍ ധൈര്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ തീരുമാനമാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററില്‍ മാത്രം 30 ലക്ഷം പേരാണ് ഈ വീഡിയോ ഒരു ദിവസം കൊണ്ട് കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam