ബഡ്ജറ്റ് ചര്‍ച്ചയില്‍ ഇന്ന് ധനമന്ത്രി മറുപടി നല്‍കും

By Web DeskFirst Published Jul 13, 2016, 12:37 AM IST
Highlights

തിരുവനന്തപുരം: ആയിരം രൂപക്ക് മുകളിലുള്ള പെൻഷനുകൾ കുറക്കില്ലെന്ന് ധനമന്ത്രി ഇന്ന് വ്യക്തമാക്കും. ഓണത്തിന് ഒരുമാസത്തെ ശമ്പളമല്ല , ഒരു മാസത്തെ ക്ഷേമ പെൻഷനാണ് മുൻകൂറായി നൽകുകയെന്നും ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ ഇന്ന് ധനമന്ത്രി തിരുത്തിപ്പറയും. ഒരു മാസത്തെ ശന്പളം മുൻകൂറായി നൽകുമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം

ബജറ്റ് പ്രഖ്യാപനത്തിൽ കയ്യടിച്ച ജീവനക്കാരെ നിരാശാരാക്കുന്നതായിരിക്കും ധനമന്ത്രിയുടെ ബജറ്റ് ചർച്ചയിലെ മറുപടി പ്രസംഗം. ഓണത്തിന് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകുമെന്നായിരുന്നു ബജറ്റ് പ്രസംഗം.  എന്നാൽ പ്രസംഗത്തിൽ പിഴവ് പറ്റിയതാണെന്നും ഉദ്ദേശിച്ചത് ഒരു മാസത്തെ മുൻകൂർ ക്ഷേമ പെൻഷനാണെന്നും ധനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 

അതേ സമയം പെൻഷൻകാർക്ക് കൂടുതൽ ആശ്വാസത്തിന് വകയുണ്ട്. പെൻഷനുകൾ ആയിരമാക്കി ഏകീകരിച്ചപ്പോൾ ആയിരത്തിന് മുകളിലുള്ള പെൻഷനുകൾ കുറയുമോ എന്നായിരുന്നു ആശങ്ക. പ്രതിപക്ഷം ഇക്കാര്യം ബജറ്റ് ചർച്ചയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ആയിരത്തിന് മുകളിലുള്ള പെൻഷനുകൾ കുറയില്ലെന്ന് തോമസ് ഐസക് വിശദീകരിക്കും. 

ആയിരമെന്നത് ചുരുങ്ങിയ പെൻഷനാണെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കും. രണ്ടാം മാന്ദ്യവിരുദ്ധപാക്കേജിന് പണം കണ്ടെത്താനായി കിഫ്ബിയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ഐസക് കൂടുതൽ വിശദീകരിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബി സമാന്തര ട്രഷറിയാകുമെന്ന ആശങ്ക പ്രതിപക്ഷം ഇതിനകം പ്രകടിപ്പിച്ചുകഴിഞ്ഞു. 

പുതുക്കിയ നികുതി നിരക്കുകള്‍ എന്നുമുതൽ നിലവിൽ വരുമെന്നും ധനമന്ത്രി ഇന്ന് വ്യക്തമാക്കും. വോട്ട് ഓൺ അക്കൗണ്ട്  വ്യാഴാഴ്ച അവതരിപ്പിക്കും.

click me!