
ഉത്തര്‍പ്രദേശ്: ഗോഹത്യയും കലാപവും ആരോപിച്ച് ബുലന്ദ്ഷഹറിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് പശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബുലന്ദ്ഷഹറിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗോഹത്യ നടത്തിയതിന്റെ പേരിൽ നദീം, റയിസ്, കാലാ എന്നീ മൂന്നു പേരെയും കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ സച്ചിൻ സിംഗ്, ജോണി ചൗധരി എന്നീ രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് സുബോധ് കുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. പൊലിസുകാരന്റെ കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ ഇതുവരെ പോലിസ് കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായ മൂന്നു പേർ പശുക്കളെ കൊന്ന് മാംസം വീതിച്ചെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഇവരിൽ കത്തിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ കലാപം ആസൂത്രിതമായി നടത്തിയതാണെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. പൊലിസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതിയെന്ന് കരുതപ്പെടുന്ന ബജ്രംഗ്ദൾ നേതാവ് യോഗേഷ് രാജ് ഒളിവിലാണ്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടർന്നാണ് അക്രമികൾ അദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്.
സച്ചിൻ സിംഗ്, ജോണി ചൗധരി എന്നിവരെ കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 19 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നുണ്ട് എന്ന് സുബോധികുമാറിന്റെ കുടുംബം ആരോപിക്കുന്നു. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ് പൊലിസിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam