കരുണാനിധിയുടെ സംസ്‌കാരം: ചീഫ് ജസ്റ്റ്‌സിന്റെ വസതിയില്‍ വാദം തുടങ്ങി

Published : Aug 07, 2018, 11:07 PM IST
കരുണാനിധിയുടെ സംസ്‌കാരം: ചീഫ് ജസ്റ്റ്‌സിന്റെ വസതിയില്‍ വാദം തുടങ്ങി

Synopsis

കരുണാനിധിയുടെ ആരോഗ്യനില വഷളായപ്പോള്‍ മുതല്‍ സംസ്‌കാരം സംബന്ധിച്ച അനൗപചാരിക ചര്‍ച്ച ഡിഎംകെ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന നേതാവ് എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ തമിഴ്‌നാട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.രമേശിന്റെ വസതിയില്‍ വാദം തുടങ്ങി. രണ്ട് ജഡ്ജിമാരാണ് വാദം കേള്‍ക്കുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളുന്ന പക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അടിയന്തരഹര്‍ജി നല്‍കാന്‍ ഡിഎംകെ ദില്ലിയില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

കരുണാനിധിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേതന്നെ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയേയും സംസ്ഥാന ചീഫ് സെക്രട്ടറിയേയും കണ്ട ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പിതാവിന്റെ സംസ്‌കാരം മറീനയില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ ഇത് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

കരുണാനിധിയുടെ ആരോഗ്യനില വഷളായപ്പോള്‍ മുതല്‍ സംസ്‌കാരം സംബന്ധിച്ച അനൗപചാരിക ചര്‍ച്ച ഡിഎംകെ നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി കരുണാനിധിയുടെ മകള്‍ കനിമൊഴി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനെ കണ്ടിരുന്നു. കരുണാധിനിയുടെ സംസ്‌കാര വിഷയത്തില്‍ തീരദേശപരിപാലന നിയമത്തില്‍ ഇളവ് വേണണെന്നായിരുന്നു കനിമൊഴിയുടെ ആവശ്യം.

കരുണാനിധി ആശുപത്രിയിലെത്തിയപ്പോള്‍ അവരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിമാരോടും കേന്ദ്രനേതാക്കളോടും കരുണാനിധിയുടെ കുടുംബം ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മറികടന്ന് തങ്ങള്‍ തീരുമാനമെടുക്കില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കട്ടേ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഡിഎംകെയെ അറിയിച്ചിരിക്കുന്നത്. 


ജയലളിതയെ പോലെ തന്നെ തമിഴിന്റെ ശബ്ദമാണ് കരുണാനിധിയെന്നും അദ്ദേഹത്തിനുള്ള അന്ത്യവിശ്രമം മറീനയിലൊരുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് താന്‍ കരുതുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിലെ അണ്ണാസമാധിയോട് ചേര്‍ന്ന് നടത്താന്‍ വേണ്ട അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്തും രംഗത്തു വന്നിട്ടുണ്ട്.  

കരുണാനിധിയുടെ മരണത്തോടെ സംസ്‌കാരം മറീനയില്‍ തന്നെയാവണം എന്ന് ഉറപ്പാക്കാനായി ഡിഎംകെ എംപിമാര്‍ ദില്ലിയില്‍ ക്യാംപ് ചെയ്ത് ചര്‍ച്ചകള്‍ നടത്തുകയാണ്. ബദ്ധവൈരികളായ എഡിഎംകെയാണ് തമിഴ്‌നാട് ഭരിക്കുന്നത് എന്നിരിക്കെ കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തില്‍ ഡിഎംകെ അണികള്‍ ആകെ അസ്വസ്ഥരാണ്. തന്റെ ഗുരുവും ചിരകാലസുഹൃത്തുമായ അണ്ണാദുരൈയോടൊപ്പം അന്ത്യവിശ്രമം കൊള്ളുക എന്ന ആഗ്രഹം കരുണാനിധി തന്നെ വെളിപ്പെടുത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി