സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

By Web DeskFirst Published Nov 29, 2017, 5:28 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. ജൂലൈ 31 വരെ കെട്ടിയ അനനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. എന്നാല്‍ സുരക്ഷ , ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയിുണ്ടാകില്ല. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലും പുതുക്കിപ്പണിയലും ക്രമപ്പെടുത്തലിന്റെ ഭാഗമാക്കും. ക്രമപ്പെടുത്തലിനായി പഞ്ചായത്തിരാജ്, മുനിസിപ്പിലാറ്റി നിയമങ്ങളില്‍ ഭേദഗതി കൊണ്ടു വരാനും ഇതിനായി ഓര്‍ഡിനന്‍സ്  ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

പഞ്ചായത്തുകളില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്കാണ് ക്രമപ്പെടുത്താനുള്ള അധികാരം. നഗരപ്രദേശത്തെ സമിതിയില്‍ ജില്ലാ ടൗണ്‍ പ്ലാനറെ കൂടാതെ നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, നഗരസഭാ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. 

അട്ടപ്പാടി അഗളിയില്‍ ആദിവാസി ഭൂമിയില്‍ കാറ്റാടി പദ്ധതി നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എട്ട് മെഗാവാട്ട് ശേഷിയുള്ള കാറ്റാടി പദ്ധതിക്കാണ് അനുമതി. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ എന്‍.എച്ച്.പി.സി ലിമിറ്റഡ് പദ്ധതിക്കാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്. ആദിവാസി ഭൂമിയിലാണ് പദ്ധതി. ഇതിന് ആദിവാസികളുടെ പൂര്‍ണസമ്മതം വാങ്ങണമെന്നതാണ് ഒരു വ്യവസ്ഥ. 

വരുമാനത്തിന്റെ അഞ്ച് ശതമാനം ഭൂ ഉടമയ്ക്ക് നല്‍കണമെന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. കാറ്റാടി പദ്ധതിയുടെ മറവില്‍ സുസിലോണ്‍ എന്ന കമ്പനി ആദിവാസി ഭൂമി കയ്യേറിയത്  വലിയ വിവാദത്തിലായിരുന്നു. 85 ഏക്കറിലധികം ഭൂമി തിരിച്ചു പിടിക്കുമെന്നും വരുമാനം ഭൂ ഉടമകളായി ആദിവാസികള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പക്ഷേ ഒന്നും നടപ്പായില്ല.

click me!