സോംനാഥ് ക്ഷേത്രത്തിലെത്തിയ രാഹുലിന്റെ പേര് അഹിന്ദുകളുടെ പട്ടികയില്‍

By Web DeskFirst Published Nov 29, 2017, 5:21 PM IST
Highlights

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ ക്ഷേത്രം സന്ദര്‍ശനം വിവാദത്തില്‍. ക്ഷേത്രം സന്ദര്‍ശിക്കുന്ന അഹിന്ദുക്കളുടെ പട്ടികയില്‍ രാഹുലിന്റെ പേരും ഉള്‍പ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണം. ഗുജറാത്തില്‍ രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആണ് രാഹുല്‍ സോംനാഥ് ക്ഷേത്രത്തിലുമെത്തിയത്. രാജ്യസഭാ എംപി അഹമ്മദ് പട്ടേലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സോംനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന അഹിന്ദുക്കള്‍ ക്ഷേത്രം ഭാരവാഹികളുടെ അനുവാദം വാങ്ങി രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തണമെന്നാണ് നിയമം. ഈ രജിസ്റ്ററിലാണ് അഹമ്മദ് പട്ടേലിന് മുകളിലായി രാഹുലിന്റെ പേര് വന്നിരിക്കുന്നത്. രാഹുലിനെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണ് രജിസ്റ്ററില്‍ പേര് എഴുതിയതെന്നും രജിസ്റ്ററില്‍ തിരുത്തല്‍ നടന്നുവെന്നും സംഭവം പുറത്തു വിട്ടു കൊണ്ട് കോണ്‍ഗ്രസ് മാധ്യമവക്താവ് മനോജ് ത്യാഗി ആരോപിക്കുന്നു.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നായ സോംനാഥ് ക്ഷേത്രത്തിലെ രാഹുലിന്റെ സന്ദര്‍ശനം നേരത്തെ തന്നെ ബിജെപി വിവാദമാക്കിയിരുന്നു. രാഹുലിന്റെ കാരണവരായ ജവഹര്‍ലാന്‍ നെഹ്‌റു സോംനാഥ് ക്ഷേത്ര നിര്‍മ്മാണത്തിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഗുജറാത്ത് പര്യടനത്തിനിടെ ആരോപിച്ചിരുന്നു. ഇന്ന് രാഹുല്‍ സോംനാഥിലെത്തുമ്പോള്‍ 25 കി.മീ അകലെ പ്രാഞ്ചിയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കുകയായിരുന്നു നരേന്ദ്രമോദി.
 

click me!