സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി; ഇ പി ജയരാജന്‍ കണ്‍വീനര്‍

By Web TeamFirst Published Jan 1, 2019, 1:32 PM IST
Highlights

സഭാ തര്‍ക്കത്തില്‍ ഇരു സഭകളെയും ചേര്‍ത്ത് മുന്‍  ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ ആഭിമുഖ്യത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനം. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

സഭാ തര്‍ക്കത്തില്‍ ഇരു സഭകളെയും ചേര്‍ത്ത് മുന്‍  ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍റെ ആഭിമുഖ്യത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇത് നിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചിരിക്കുന്നത്. 

പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കാണ് മുന്‍  ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ കണ്ടതെന്നാണ് ഡോ. തോമസ് മാർ അത്താനിയോസ് മെത്രാപ്പോലീത്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം അവിടെ ഉണ്ടായിരുന്ന യാക്കോബായ വിഭാഗം ഒത്തുതീർപ്പു സാഹചര്യം ഒരുക്കണമെന്ന് അവശ്യപ്പെട്ടെങ്കിലും ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. യാക്കോബായ വിഭാഗം ദുഷ്ടലാക്കോടെ ബ്രേക്കിങ് ന്യുസ് പുറത്തുവിട്ടു കോടതികളെയും വിശ്വാസികളെയും തെറ്റിദ്ധരിപിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

click me!