കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

By Web TeamFirst Published Jan 21, 2019, 12:59 AM IST
Highlights

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരൻ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് നിലന്പൂര്‍ പൊലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

മലപ്പുറം: കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട കഞ്ചാവ് വില്‍പ്പനക്കാരൻ മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് നിലന്പൂര്‍ പൊലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

കുപ്രസിദ്ധ മോഷ്ടാവുകൂടിയായ അബ്ദുള്‍ റഹ്മാനെ നിലന്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സിഐ. കെഎം ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആറ് കിലോ കഞ്ചാവ് നിലമ്പൂരിലും സമീപപ്രദേശങ്ങളായ പാണ്ടിക്കാട്, മേലാറ്റൂര്‍, കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിലുമായി ചെറുകിട കച്ചവടക്കാര്‍ക്ക് വിറ്റതായി അബ്ദുല്‍ റഹ്മാന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

തമിഴ്നാട്ടിലെ കന്പത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ മലപ്പുറം പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനക്കിടെയാണ് അബ്ദുള്‍ റഹ്മാന്‍ കുടുങ്ങിയത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ 2015ല്‍ അബ്ദുള്‍ റഹ്മാന്‍ എക്സൈസിന്‍റെ പിടിയിലായിരുന്നു. പെരിന്തല്‍മണ്ണയിലെ കോടതിയിലേക്ക് കൊണ്ടുപോകുംവഴി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടതാണ്. 

പിന്നീട് മോഷണം ഉള്‍പ്പെടെ പല കേസുകളിലും പ്രതിയായെങ്കിലും ഇപ്പോഴാണ് പിടികൂടാനായത്. ദേശീയ അന്വേഷണ ഏജന്‍സിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ നിലന്പൂരില്‍നിന്നുള്ള വീട്ടില്‍നിന്ന് 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലും വാണിയന്പലത്തുനിന്ന് പതിനേഴര പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും അബ്ദുള്‍ റഹ്മാന്‍ പ്രതിയാണ്. 
 

click me!