മാസ വാടകയായ 35 രൂപ കൊടുക്കാനില്ല;കോൺ​ഗ്രസ് ഓഫീസ് ഒഴിഞ്ഞ് കൊടുക്കണമെന്ന് കെട്ടിട ഉടമ

By Web DeskFirst Published Jul 20, 2018, 6:55 PM IST
Highlights
  • വാടക കുടിശിക  50000 രൂപയോളമായ സാഹചര്യത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകരോട് കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെട്ടത്

അലഹാബാദ്: മാസ വാടകയായ 35 രൂപ തുടർച്ചയായി മുടങ്ങിയതിൽ പ്രതിഷേധിച്ച്  കോൺ​ഗ്രസ് ഓഫീസ് ഒഴിഞ്ഞ് നൽകണമെന്ന് കെട്ടിട  ഉടമ. അലഹാബാദിലെ ചൗക്കിലാണ് സംഭവം. വാടക കുടിശിക  50000 രൂപയോളമായ സാഹചര്യത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകരോട് കെട്ടിടം ഒഴിയാൻ ഉടമ ആവശ്യപ്പെട്ടത്.

അലഹാബാദിലെ സാമാന്യം തിരക്കേറിയ പ്രദേശമാണ് ചൗക്ക്. സ്വതന്ത്ര്യ സമര കാലത്തെ നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും  സാക്ഷ്യം വഹിച്ചിട്ടുള്ള കെട്ടിടമാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മൂവായിരം ചതുരശ്ര അടി വിസ്തൃതിയാണ് ഈ കെട്ടിടത്തിനുള്ളത്. വാടക കുടിശിക തീർത്തു തരണമെന്നും അതിന് സാധിച്ചില്ലെങ്കിൽ കെട്ടിടം ഒഴിഞ്ഞ് നൽകണമെന്നും ഉടമസ്ഥന്‍ രാജ് കുമാര്‍ സരസ്വത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ചരിത്ര നിമിഷങ്ങളുടെ ഭാഗമായ ഈ കെട്ടിടം കൈവിട്ട് പോവാതെ നിലനിർത്തുന്നതിന് വേണ്ടി വാടക നല്‍കണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന പ്രസിഡന്റ രാജ് ബബ്ബാരിനും പ്രവര്‍ത്തകര്‍ കത്തയച്ചിട്ടുണ്ട്. നിലവില്‍ ഓഫീസ് ജീവനക്കാരുടെയും  പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൈയ്യിൽ നിന്നും പണം ശേഖരിച്ച് ഉടമസ്ഥനു നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

click me!