ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്

By remya rFirst Published Oct 26, 2016, 8:34 PM IST
Highlights

കൊച്ചി: ക്വട്ടേഷന്‍ ഏറ്റെടുത്ത് ബിസിനസ്സുകാരനെ തട്ടിക്കൊണ്ട് പോയതിന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കൊച്ചിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തുന്ന രണ്ടാമത്തെ കേസാണിത്.വെണ്ണല സ്വദേശിയായ ജൂബി പൗലോസിന്റെ പരാതിയിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യന്ത്രിയുടെ പേരില്‍ യുവതിയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രുപ തട്ടിയെടത്ത കേസില്‍ പിടിയിലായ ഡിവൈഎഫ് ഐ നേതാവ് സിദ്ദീഖാണ് ഈ കേസിലെ രണ്ടാം പ്രതി.

ജൂബിയുടെ ബിസിനസ് പങ്കാളിയായ ഷീല തോമസും കണ്ടാലറിയാവുന്ന മറ്റൊരാളും മൂന്നുംനാലും പ്രതികളാണ്. കങ്ങരപ്പടിയില്‍ ഷീലാ തോമസും ജൂബിയും ചേര്‍ന്ന് ഡയറി ഫാം നടത്തിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ജൂബിയെ  ഷീല ഒഴിവാക്കി.ഇതിനെതിരെ മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ജൂബിക്ക് അനുകൂലമായ വിധിയുണ്ടായി. എന്നാല്‍ ഇതനുസരിക്കുന്നതിന് പകരം തന്നെ ഭീഷണിപ്പെടുത്തി ഒഴിവാക്കാന്‍ ഷീലാ തോമസ് സിപിഎം നേതാക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് ജൂബിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സക്കീറും സിദ്ദീഖും ചേര്‍ന്ന് ജൂബിയെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയി. കളമശ്ശേരി ഏരിയാ കമ്മിറ്റി  ഓഫീസില്‍ ഒരു ദിവസം മുഴുവന്‍ പാര്‍പ്പിച്ച് ഭീഷണപ്പെടുത്തി. ഷീലാ തോമസ് ഒരു തുക തരുമെന്നും അത് വാങ്ങി കേസ് അവസാനിപ്പിക്കണം എന്നുമായിരുന്നു ഭീഷണി. ഭയം മൂലം അന്ന് ജൂബി പരാതി നല്‍കിയില്ല. പിന്നീട് കഴിഞ്ഞയാഴ്ച യുവതിയെ തട്ടിച്ച കേസില്‍ സിദ്ദീഖ് അറസ്റ്റിലായപ്പോഴാണ് ജൂബി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതി എറണാകളും ഐജി എസ് ശ്രീജിത്തിന് കൈമാറുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് കൂടിയാണ് സക്കീര്‍ ഹുസൈന്‍.

click me!